ബച്ചന്‍-മോഡി ഭായി ഭായി



കഴിഞ്ഞ ആഴ്‌ച നരേന്ദ്രമോഡിയുടെ അതിഥിയായി ഗുജറാത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത്‌ ബോളിവുഡ്‌ സിനിമാതാരം അമിതാബ്‌ബച്ചന്‍ നടത്തിയ പ്രസ്‌താവനകള്‍ ദേശീയ രാഷ്‌ട്രീയ-സാംസ്‌കാരിക രംഗത്ത്‌ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചിരിക്കുകയാണ്‌. തന്റെ പുതിയ ചിത്രമായ `പാ' യുടെ പ്രചരണാര്‍ത്ഥം ഗാന്ധിനഗറില്‍ നടന്ന ചടങ്ങിലാണ്‌ ബച്ചന്‍, മോഡിയേയും ഗുജറാത്തിനേയും വാനോളം പുകഴ്‌ത്തി സംസാരിച്ചത്‌. ഗുജറാത്തില്‍ `പാ' യുടെ പ്രദര്‍ശനത്തിന്‌ വിനോദ നികുതി ഒഴിവാക്കുമെന്ന പ്രഖ്യാപനം അതേ വേദിയില്‍ വെച്ചു തന്നെ മോഡി നടത്തുകയും ചെയ്‌തു.
ബച്ചന്റെ, മോഡിചരിതം ഇങ്ങനെയാണ്‌. ``അദ്ദേഹം (മോഡി) വികസനത്തെക്കുറിച്ച്‌ വളരെ സ്വപ്‌നങ്ങളുള്ള ആളാണ്‌. പുതുമയുള്ള ആശയങ്ങളേയും പദ്ധതികളേയും അദ്ദേഹം ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. അദ്ദേഹം പറയുന്നതെല്ലാം പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ടൂറിസം വികസനത്തെക്കുറിച്ച്‌ അദ്ദേഹം എന്നോട്‌ സംസാരിച്ചു. അതിന്റെ വികസനത്തിനായി ഞാന്‍ സജീവമായി പങ്കെടുക്കുമെന്ന്‌ പ്രഖ്യാപിക്കുന്നു''
സമാജ്‌ വാദി പാര്‍ട്ടിയില്‍ വരുന്നതിന്‌ മുന്‍പ്‌ കോണ്‍ഗ്രസിലായിരുന്നപ്പോഴും, മതേതരസ്വഭാവമുള്ള കഥാപാത്രങ്ങളെ സിനിമകളില്‍ അഭിനയിച്ച്‌ അധഃസ്ഥിത വര്‍ഗ്ഗത്തെ അദ്ദേഹം പ്രതിനിധാനം ചെയ്‌തിട്ടുണ്ട്‌. 1993 -ല്‍ ഇറങ്ങിയ കൂലി എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തില്‍ സാധാരണക്കാരനായ മുസ്ലീം തൊഴിലാളിയെ അവതരിപ്പിച്ച്‌ അദ്ദേഹം കയ്യടി നേടിയിരുന്നു. ഗുജറാത്ത്‌ കലാപത്തെക്കുറിച്ചുള്ള ദേവ്‌ എന്ന ചിത്രത്തില്‍ മുസ്ലീങ്ങളെ സംരക്ഷിക്കുന്ന സത്യസന്ധനായ പോലീസ്‌ ഉദ്യോഗസ്ഥനായി ബച്ചന്‍ വേഷമിട്ടതാണ്‌. എന്നിട്ടും ഇത്തരമൊരു കടന്ന കൈ ബച്ചന്‍ ചെയ്‌തതിനെ കുറിച്ച്‌ പല കുശുകുശുക്കലുകളും ബോളിവുഡില്‍ ഉയരുന്നുണ്ട്‌.
ബച്ചന്‍ ഒരു അവസരവാദിയാണെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ അടിത്തറ യുപിയില്‍ ഇളകുകയും സുഹൃത്ത്‌ അമര്‍സിങ്‌ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്‌ക്കുകയും ചെയ്‌തപ്പോള്‍ പുതിയ സങ്കേതം തേടുന്നതിന്റെ പ്രാരംഭ നടപടികളാണ്‌ അമിതാബ്‌ ബച്ചന്‍ ചെയ്യുന്നതെന്നുമാണ്‌ പ്രധാനമായും ഉയരുന്ന ആരോപണം. കൂടാതെ ചിരകാല കൂട്ടാളി അനില്‍ അംബാനി ഗുജറാത്തില്‍ വന്‍ നിക്ഷേപമാണല്ലോ നടത്തുന്നത്‌. പോരാത്തതിന്‌ മോഡിയുമായി വലിയ സൗഹൃദത്തിലും.
എന്നാല്‍ ഇതോടെ ബച്ചന്റെ ബ്രാന്‍ഡ്‌ ഇമേജ്‌ തകരുമോ എന്ന പേടിയിലാണ്‌ പരസ്യലോകം. മാധ്യമങ്ങള്‍ മോഡി-ബച്ചന്‍ ബന്ധം ആഘോഷിച്ചപ്പോള്‍ പ്രേക്ഷകരുടെ ഉള്ളില്‍ ബച്ചനെ പറ്റി അല്‌പമൊരു ആശങ്ക തോന്നാതിരിക്കാന്‍ തരമില്ലല്ലോ.

കളി ചൈനയില്‍ വേണ്ട



അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും അതിശക്തമായിത്തന്നെ മൂക്കുകയറിട്ട്‌ വലിച്ച്‌ കെട്ടുകയാണ്‌ സമീപകാലങ്ങളില്‍ ചൈന ചെയ്‌തു കൊണ്ടിരിക്കുന്നത്‌. ലോകമാകമാനം ആഘോഷത്തിമിര്‍പ്പില്‍ മുങ്ങിയ ഡിസംബര്‍ 25 ലെ ക്രിസ്‌മസ്‌ ദിനത്തില്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ ലിയു ക്‌നിയേബോ വിനെ പതിനൊന്ന്‌ വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ചത്‌ വന്‍ വിമര്‍ശനങ്ങള്‍ വരുത്തിവെച്ചിരിക്കുകയാണ്‌. ഇതിനെതിരെ പ്രതികരിച്ച ലോകരാഷ്‌ട്രങ്ങളോട്‌, തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്നാണ്‌ ചൈന ആഞ്ഞടിച്ചത്‌.
ഇതുപോലെ തന്നെ തീവ്രമായ പ്രതികരണമായിരുന്നു ഡിസംബര്‍ 21 ന്‌ അക്‌മല്‍ ഷെയിഖ്‌ എന്ന 53 കാരന്‍ ബ്രിട്ടീഷ്‌ പൗരനെ വധശിക്ഷയ്‌ക്ക്‌ വിധിച്ചപ്പോള്‍ പ്രതികരിച്ച ലോകരാജ്യങ്ങള്‍ക്കെതിരെയും ചൈന നടത്തിയത്‌. 4 കിലോഗ്രാം മയക്കുമരുന്നു കടത്തിയതിനാണ്‌ അക്‌മലിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. വിവിധ മനുഷ്യാവകാശ സംഘടനകളുടെയും, കുടുംബാംഗങ്ങളുടെയും അഭ്യര്‍ത്ഥന വകവെയ്‌ക്കാതെ വിഷം കുത്തിവെച്ച്‌ ഡിസംബര്‍ 29 ന്‌ വധശിക്ഷ നടപ്പിലാക്കുകയും ചെയ്‌തു. ഇതിനെതിരായ ബ്രിട്ടന്റെ ഇടപെടലുകളെ ചൈനീസ്‌ മാധ്യമങ്ങളും വെറുതെ വിട്ടില്ല.
അക്‌മല്‍ ഷെയിഖിന്റെ കേസ്‌ വേറിട്ട്‌ കാണേണ്ട ഒന്നല്ല. ലഭ്യമായ കണക്കനുസരിച്ച്‌ ദിവസേന ഏകദേശം 5 പേരെന്ന കണക്കില്‍ 1700 പേരെയാണ്‌ 2008 -ല്‍ മാത്രം ചൈനീസ്‌ ഭരണകൂടം വധശിക്ഷയ്‌ക്ക്‌ വിധിച്ചത്‌.
ആഗോളമനുഷ്യാവകാശ ദിനത്തിന്റെ 60-ാം വാര്‍ഷികവേളയില്‍ ആയിരങ്ങള്‍ ഒപ്പിട്ട ചാര്‍ട്ടര്‍ 8 എന്ന രേഖയുടെ നേതൃത്വത്തിന്റെ പേരിലാണ്‌ ലിയു ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്‌. ഇതിനു മുമ്പ്‌ രണ്ട്‌ തവണ അദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്‌. രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഇനിയും ജയിലില്‍ പോകാന്‍ സന്നദ്ധനാണെന്നാണ്‌ ലിയു പറയുന്നത്‌.
അറസ്റ്റ്‌ ചെയ്‌ത്‌ രണ്ടാം ദിവസം വെറും മൂന്നു മണിക്കൂറു കൊണ്ടാണ്‌ പതിനൊന്ന്‌ വര്‍ഷത്തെ കഠിന തടവിന്‌ ലിയുവിനെതിരെ പീപ്പിള്‍സ്‌ കോടതി വിധിയെഴുതുന്നത്‌. ഇതിന്റെ ഭാഗമായി അവകാശ സംരക്ഷണത്തെ പിന്താങ്ങുന്ന രാജ്യത്തെ എല്ലാ വെബ്‌സൈറ്റുകളും ഇന്റര്‍നെറ്റ്‌ കൂട്ടായ്‌മകളും ബ്ലോക്ക്‌ ചെയ്യാനുള്ള നടപടിക്രമങ്ങളും ചൈനീസ്‌ ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു.

കാശ്‌മീര്‍ കുങ്കുമം മങ്ങുന്നു



പതിറ്റാണ്ടുകളോളം പ്രതാപത്തോടെ നിന്ന കാശ്‌മീര്‍ താഴ്‌വരയിലെ കുങ്കുമപ്പൂവ്‌ വ്യവസായം ഇന്ന്‌ അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. വരള്‍ച്ചയാണ്‌ കുങ്കുമപ്പൂ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 1990ല്‍ 40 ടണ്‍ ആയിരുന്നു ഇവിടെ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്ന കുങ്കുമപ്പൂവിന്റെ അളവ്‌. എന്നാല്‍ ഇന്ന്‌ 226 ഗ്രാമങ്ങളിലായി വെറും ആറുടണ്‍ ആണ്‌ പ്രതിവര്‍ഷ ഉല്‍പാദനം.
വിശാലമായ കുങ്കുമപ്പാടങ്ങളുടെ സ്ഥാനത്ത്‌ ഫ്‌ളാറ്റുകളും വീടുകളും വരിവെച്ചിരിക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോഴുള്ളത്‌. കൃഷിയില്‍ നിന്ന്‌ ലഭിക്കുന്നതിനേക്കാളധികം വില കിട്ടിയപ്പോള്‍ പല കര്‍ഷകരും ഭൂമി വിറ്റു കളഞ്ഞു. കടബാധ്യതകള്‍ തീര്‍ക്കാനും കുടുംബം പോറ്റാനും തങ്ങള്‍ക്ക്‌ മറ്റ്‌ വഴികളില്ലെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി മഴയില്ലാത്ത അവസ്ഥയാണിവിടെയുള്ളത്‌. ഇത്‌ പ്രതിസന്ധിക്ക്‌ ആക്കം കൂട്ടുന്നു.
ഇറാനിലെ കുങ്കുമപ്പൂക്കള്‍ ആഗോള കമ്പോളം കീഴടക്കുന്ന കാഴ്‌ചയാണ്‌ കുറച്ചുനാളായി കാണുന്നത്‌. ഇന്ത്യന്‍ കുങ്കുമപ്പൂവിന്‌ 3,00000 രൂപയാണ്‌ കിലോഗ്രാമിനെങ്കില്‍ ഇറാനില്‍ നിന്നുള്ളവയ്‌ക്ക്‌ 2,50000 രൂപയാണ്‌ വില. കുങ്കുമപ്പാടങ്ങള്‍ക്ക്‌ ചുറ്റുമുള്ള ഫാക്‌ടറികളിലെ മാലിന്യങ്ങള്‍ വിളവിനെ സാരമായി ബാധിക്കുന്നുണ്ട്‌. പാരമ്പര്യ കൃഷി രീതി തിരിച്ചു കൊണ്ടുവരികയല്ലാതെ കാര്‍ഷിക ശാസ്‌ത്രജ്ഞര്‍ മറ്റൊരു പരിഹാരം ഇതിനു കാണുന്നില്ല.

വാടകയ്‌ക്കെടുത്ത അതിഥികള്‍




രു വിവാഹത്തിനോ പിറന്നാള്‍ ആഘോഷത്തിനോ മറ്റോ പോകുമ്പോള്‍ അവിടെ ഒരു സൂപ്പര്‍ സിനിമാതാരത്തെ കണ്ടാല്‍ നമുക്ക്‌ അല്‍പം ആശ്ചര്യവും അസൂയയും ഉണ്ടാകാറുണ്ട്‌. ഇത്രയും വലിയ പ്രശസ്‌തന്‍ കുടുംബസുഹൃത്തുക്കളായി അവര്‍ക്ക്‌ ഉണ്ടല്ലോ എന്ന്‌ സ്വാഭാവികമായും മനഃപ്രയാസത്തോടെ ചിന്തിച്ചുപോകും. എന്നാല്‍ സംഗതിയുടെ കിടപ്പ്‌ അങ്ങനെയൊന്നുമല്ലെന്നാണ്‌ ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്‌. മണിക്കൂറിന്‌ ലക്ഷങ്ങള്‍ കൊടുത്താണത്രെ ജീവിതത്തില്‍ നേരിട്ട്‌ ഒന്ന്‌ കണ്ടിട്ടുപോലുമില്ലാത്ത പ്രശസ്‌ത സിനിമാതാരങ്ങളെ ആഘോഷം പൊലിപ്പിക്കാനായി വമ്പന്‍ കുടുംബങ്ങള്‍ അതിഥികളായി കൊണ്ടുവരുന്നത്‌.
അറിഞ്ഞിടത്തോളം സല്‍ക്കാരങ്ങളില്‍ അതിഥികളായെത്താന്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്‌ ഋത്വിക്‌ റോഷനാണ്‌. 1.25 കോടി രൂപയാണ്‌ അദ്ദേഹത്തിന്റെ പ്രതിഫലം. അതും ഇടത്തരം ആഘോഷങ്ങള്‍ക്ക്‌ വരികയുമില്ല. നടികളില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത്‌ ഐശ്വര്യറായി ആണ്‌. 75 ലക്ഷമാണ്‌ വില. സല്‍മാന്‍ഖാന്‍ വാങ്ങുന്നത്‌ ഒരുകോടിയാണ്‌. മനീഷാ കൊയ്‌രാള ആറുലക്ഷത്തിന്‌ ലഭ്യമാണ്‌. മല്ലികാ ഷെരാവത്തിന്‌ വില 20 ലക്ഷം വരും. അക്ഷയ്‌കുമാറിന്‌ 70 ലക്ഷമാണ്‌ കുറഞ്ഞ നിരക്ക്‌. കരീനാ കപൂര്‍ 40 ലക്ഷവുമായി നടികളില്‍ തിളങ്ങിനില്‍ക്കുന്നു. റാണി മുഖര്‍ജി 35 ലക്ഷമാണ്‌ വിലയിട്ടിരിക്കുന്നത്‌. ബിപാഷ ബസുവിന്റെ സാന്നിധ്യം മാത്രം മതിയെങ്കില്‍ 25 ലക്ഷമേ വിലയുള്ളൂ. എന്നാല്‍ പാട്ടോ ഡാന്‍സോ ചെയ്യിച്ചാല്‍ പ്രതിഫലം 1.5 കോടിയാകും. മറ്റൊരു പദ്ധതിയുള്ളത്‌, ബിപാഷയും ജോണ്‍ എബ്രഹാമും ഒരുമിച്ച്‌ വരികയാണെങ്കില്‍ ഒരു കോടി രൂപക്ക്‌ കിട്ടും എന്നുള്ളതാണ്‌. 15 ലക്ഷം വിലയിട്ട്‌ അനില്‍ കപൂര്‍ മിതവാദിയായി നില്‍ക്കുന്നു. മറ്റ്‌ ചെറുകിട താരങ്ങള്‍ക്കെല്ലാം 25 ലക്ഷത്തിനു താഴേയ്‌ക്കാണ്‌ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്‌.
ഇത്തരം ചടങ്ങുകള്‍ക്ക്‌ താരങ്ങളെ എത്തിക്കാന്‍ ബ്രോക്കര്‍മാരുടെ വന്‍നിര ബോളിവുഡിലുണ്ട്‌. നടീനടന്മാരുടെ സെക്രട്ടറിമാരും ബ്രോക്കര്‍മാരും ചേര്‍ന്നാണ്‌ വിലപേശല്‍ നടത്തുക. 15 ശതമാനമാണ്‌ ബ്രോക്കര്‍ കമ്മിഷനായി ഈടാക്കുക. സേവന നികുതിയിനത്തില്‍ വേറെയും.

മാധ്യമ വിമര്‍ശനത്തില്‍ പറയുന്നതും പറയാത്തതും


പ്രച്ഛന്ന വേഷധാരികളുടെ വിഹാരരംഗമാണ്‌ ഇന്ന്‌ രാഷ്‌ട്രീയം. ഒരേ നടന്‍ ചക്രവര്‍ത്തിയായും അടിമയായും വേഷമിടുന്നത്‌ നാടകത്തിലും സിനിമയിലും പുതുമയുള്ളതല്ല. എന്നാല്‍ രാഷ്‌ട്രീയത്തിലും ഇതിപ്പോള്‍ പതിവായി. ഒരിടത്ത്‌ നായകന്‍ മറ്റൊരിടത്ത്‌ വില്ലന്‍. കേരളത്തില്‍ ഏതെങ്കിലും വിവാദമുയര്‍ത്തി ജനപക്ഷത്തിന്റെ ഉച്ചഭാഷിണിയായി വിഹരിക്കുന്ന നേതാവ്‌ സ്വന്തം കക്ഷി ഭരിക്കുന്ന ദില്ലിയിലോ ഹര്യാനയിലോ അതേ വിവാദത്തില്‍ പ്രതിക്കൂട്ടില്‍. ഇത്‌ ഇന്ന്‌ സാധാരണമാണ്‌. കേരളത്തില്‍ ബിനീഷ്‌ കോടിയേരിക്കും ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും മറ്റും എതിരെ ചന്ദ്രഹാസമിളക്കുന്ന നേതാക്കള്‍ സ്വന്തം പാര്‍ട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം വിവാദനായകരുടെ സംരക്ഷകരാകുന്നത്‌ അതുകൊണ്ടാണ്‌.
1999 ഏപ്രില്‍ 29 നായിരുന്നു ഏറെ കോളിളക്കം സൃഷ്‌ടിച്ച ജസിക്കാലാല്‍ വധം നടന്നത്‌. ബാര്‍ ജീവനക്കാരിയായ ജസിക്കയെ മദ്യം നല്‍കാന്‍ വിസമ്മതിച്ചതിന്‌ മന്ത്രിപുത്രന്‍ വെടിവെച്ചുകൊന്നു എന്നതായിരുന്നു കേസ്‌. മുന്‍കേന്ദ്രമന്ത്രിയും അന്നത്തെ ഹര്യാനയിലെ കാബിനറ്റ്‌ അംഗവുമായിരുന്ന വിനോദ്‌ ശര്‍മ്മയുടെ മകന്‍ മനുശര്‍മ്മയായിരുന്നു മുഖ്യപ്രതി. രാഷ്‌ട്രീയ നേതാക്കളുടെ നാണംകെട്ട കളികള്‍ ഈ കേസിന്റെ വിചാരണ വേളയില്‍ ഇന്ത്യ കണ്ടു. ഏറ്റവും പ്രഗല്‍ഭനായ അഭിഭാഷകന്‍ റാംജേത്‌ മലാനി തന്നെ മനുശര്‍മ്മയ്‌ക്ക്‌ വേണ്ടി കോടതിയില്‍ ഹാജരായി. രാഷ്‌ട്രീയ സ്വാധീനത്തിനു വഴങ്ങി കേസിനനുകൂലമായ തെളിവുകള്‍ നശിപ്പിക്കുന്നതിന്‌ പോലീസ്‌ ആവുന്നതെല്ലാം ചെയ്‌തു. എന്നാല്‍ മാധ്യമങ്ങളുടെ അതിശക്തമായ ഇടപെടല്‍ കാര്യങ്ങള്‍ വിചാരിച്ച വഴിക്കല്ല കൊണ്ടെത്തിച്ചത്‌.
മദ്യം ചോദിച്ചിട്ട്‌ തരാത്തതിന്‌ താന്‍ ജസി ക്കയെ വെടിവെയ്‌ക്കുകയായിരുന്നെന്ന മനുശര്‍മ്മ പോലീസിനു നല്‍കിയ മൊഴിയുടെ ശബ്‌ദരേഖ എന്‍ ഡി ടി വി ചാനല്‍ പുറത്തുവിടുകയുണ്ടായി. പക്ഷെ നിയമപരമായി ഈ തെളിവിന്‌ സാധുതയുണ്ടായില്ല. മാധ്യമങ്ങളുടെ അവസരോചിതമായ ഇടപെടലായിരുന്നു, കേസിന്റെ നിജസ്ഥിതികളെ പൊതുസമൂഹത്തിനു മുന്‍പില്‍ തുറന്നുകാട്ടിയത്‌. വിനോദ്‌ ശര്‍മ്മ പണം വാരിയെറിഞ്ഞ്‌ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്‌ തെഹല്‍ക്ക സ്‌ട്രിങ്‌ ഓപ്പറേഷനിലൂടെ പുറത്ത്‌ കൊണ്ടുവന്നത്‌ ഏറെ വിവാദം സൃഷ്‌ടിച്ചു. തത്‌ഫലമായി വിനോദ്‌ ശര്‍മ്മയ്‌ക്ക്‌ ഹര്യാന മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. മുഖ്യസാക്ഷിയായ ഷ്യാന്‍ മുന്‍ഷി കോടതിയില്‍ കൂറുമാറിയത്‌ തെഹല്‍ക്ക കൊണ്ടുവന്ന വസ്‌തുതകളെ വീണ്ടും ഊട്ടി ഉറപ്പിച്ചു.
പോലീസ്‌ - രാഷ്‌ട്രീയ പങ്കുകച്ചടവത്തിന്റെ കളികളിലൂടെ കീഴ്‌ക്കോടതി വിധി മനുശര്‍മ്മയ്‌ക്ക്‌ അനുകൂലമായി. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ കീഴ്‌ക്കോടതി വിധിക്കെതിരായി പൊതുജനവികാരത്തെ ഉണര്‍ത്തിവിട്ടു. രണ്ടു ലക്ഷം എസ്‌ എം എസുകളാണ്‌ എന്‍ ഡി ടി വി നടത്തിയ അഭിപ്രായ സര്‍വ്വേയിലേക്ക്‌ ഒഴുകിയെത്തിയത്‌. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സര്‍വ്വേയില്‍ നീതിപീഠത്തിന്റെ നിഷ്‌പക്ഷതയെ ഭൂരിഭാഗം ചോദ്യം ചെയ്‌തു. വിധിക്കെതിരായി ജസിക്കയുടെ സഹപ്രവര്‍ത്തകരും, ബന്ധുക്കളും, ഇന്ത്യാ ഗേറ്റിന്‌ മുന്നില്‍ മെഴുകുതിരി തെളിച്ച്‌ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കും ചണ്‌ഡിഗഡില്‍ നടത്തിയ പ്രകടനങ്ങള്‍ക്കും ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും വന്‍പ്രാധാന്യമാണ്‌ നല്‍കിയത്‌.
ജനവികാരം കോടതി വിധി തിരിത്തിച്ച അപൂര്‍വ്വമായ കേസായിരുന്നു ജസിക്കാലാല്‍ വധം. അതിന്‌ ചുക്കാന്‍ പിടിച്ചതാകട്ടെ ഇവിടുത്തെ മാധ്യമങ്ങളും. സെഷന്‍സ്‌ കോടതി വിധി റദ്ദാക്കി 2006 ഡിസംബര്‍ 20ന്‌ മനുശര്‍മ്മയെ ശിക്ഷിച്ചു ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന്‌ വിധിച്ചു. സല്‍ജിവ്‌ നന്ദകേസിലും പ്രിയദര്‍ശിനി മാട്ടു കേസിലുമെന്ന പോലെ ജനപക്ഷമാധ്യമപ്രവര്‍ത്തനത്തിന്റെ മറ്റൊരു വിജയമായി ജസിക്കാലാല്‍ വധക്കേസും മാറി.
ഒരു പതിറ്റാണ്ടുമുമ്പ്‌ ഇന്ത്യയാകെ കോളിളക്കം സൃഷ്‌ടിച്ച ജസിക്കാലാല്‍ വധക്കേസ്‌ ഇന്നും ജനമനസ്സുകളില്‍ പച്ചപിടിച്ചുനില്‌പുണ്ടാകും. അതിന്റെ ഇപ്പോഴത്തെ പരിണാമ ഗുപ്‌തി പ്രഛന്നവേഷധാരികളെ മറനീക്കുന്നതാണ്‌.
കുറച്ച്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പാണ്‌ ബംഗ്ലൂര്‍ നഗരത്തിലെ നക്ഷത്രവേശ്യാലയത്തില്‍ ഒരു വേശ്യയുടെ ലാപ്‌ടോപിലെ ചിത്രങ്ങളില്‍ കേരള മന്ത്രിയുടെ മകന്‍ അഭിരമിക്കുന്ന ദൃശ്യങ്ങള്‍ കര്‍ണാടകയിലെ ടി വി 9 എന്ന ചാനല്‍ പുറത്തുവിട്ടത്‌. സി പി ഐ എമ്മിന്റെ താത്വിക പ്രസിദ്ധീകരണമായ പീപ്പിള്‍ ഡെമ്മോക്രസിയില്‍ ആ ചാനലിനെ പരിഹസിക്കുന്ന കുറിപ്പ്‌ അടുത്തുതന്നെ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസിന്‌ വേണ്ടിയുള്ള ആസൂത്രിതമായ വിടുപണിയാണെന്നായിരുന്നു അതിലെ ആരോപണം. എന്നാല്‍ ജസിക്കലാല്‍ വധക്കേസിലെ പ്രതിയും കോണ്‍ഗ്രസ്‌ നേതാവിന്റെ മകനുമായ മനുശര്‍മ്മയ്‌ക്ക്‌ നിയമവ്യവസ്ഥകള്‍ ലംഘിച്ച്‌ ഡെല്‍ഹിയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പരോള്‍ നല്‍കിയതിനെതിരെ വന്നുകൊണ്ടിരിക്കുന്ന ദേശീയ മാധ്യമങ്ങളിലെ വിമര്‍ശനാത്മക റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്‌ മറ്റൊന്നാണ്‌. ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന ഏകപക്ഷീയ അജണ്ടയാണ്‌ മാധ്യമങ്ങള്‍ക്കെന്ന വാദം അവിടെ പൊളിഞ്ഞുവീഴുന്നു.
ജസിക്കലാല്‍ കേസ്‌ കൈകാര്യം ചെയ്യുന്നതില്‍ വഴിവിട്ട്‌ യാതൊന്നും ഹര്യാനസര്‍ക്കാരോ ദില്ലി സര്‍ക്കാരോ ചെയ്‌തിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ്‌ കൈക്കൊണ്ട നിലപാട്‌. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷം ആകട്ടെ കോണ്‍ഗ്രസിനെ പ്രഹരിക്കാനുള്ള വടിയായി ഇതിനെ ഫലപ്രദമായി പ്രയോഗിച്ചു. മുത്തൂറ്റ്‌ പോള്‍ എം ജോര്‍ജിന്റെ വധത്തിലെ പോലീസ്‌ അന്വേഷണത്തിലെ ഒളിച്ചുകളി മറനീക്കുന്നതിന്‌ ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നടത്തുന്ന പോരാട്ടത്തെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു ജസിക്കാലാല്‍ കേസില്‍ അന്ന്‌ ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷത്തിന്റേത്‌.
പത്തുവര്‍ഷം പഴക്കമുള്ള ജസീക്കാലാല്‍ വധം വീണ്ടും ദില്ലി മാധ്യമങ്ങളിലെ മുഖ്യവിഷയമായി ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്‌. പക്ഷെ കേരളമന്ത്രിയുടെ മകന്റെ വിവാദചിത്രത്തിന്റെ പശ്ചാത്തലത്തിലാകാം പീപ്പിള്‍സ്‌ ഡമോക്രസിയടക്കമുള്ള പാര്‍ട്ടി മാധ്യമങ്ങള്‍ക്ക്‌ മിണ്ടാട്ടമില്ല. ഹര്യാന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന കോണ്‍ഗ്രസ്‌, സ്വതന്ത്രന്മാരെ തട്ടിക്കൂട്ടി മന്ത്രിസഭ ഉണ്ടാക്കാന്‍ നടത്തിയ ശ്രമം വിജയിച്ചതും ജസീക്കാലാല്‍ വധകേസിന്റെ ഉയര്‍ത്തെഴുന്നേല്‌പും തമ്മില്‍ ബന്ധമുണ്ടെന്നത്‌ വസ്‌തുത.
എന്താണ്‌ ആ ബന്ധം എന്നല്ലേ? ഹര്യാനയില്‍ മുഖ്യമന്ത്രി ഹൂഡക്ക്‌ മന്ത്രിസഭ രൂപീകരിക്കാന്‍ സ്വതന്ത്രന്മാരുടെ പിന്തുണ സംഘടിപ്പിക്കുന്നതില്‍ പ്രധാനപങ്ക്‌ വഹിച്ചത്‌ മനുശര്‍മ്മയുടെ പിതാവ്‌ വിനോദ്‌ ശര്‍മ്മയാണെന്ന്‌ മാധ്യമങ്ങള്‍ പറയുന്നു. മനുശര്‍മ്മയ്‌ക്ക്‌ പരോള്‍ അനുവദിക്കുന്നതിനെ അതിശക്തമായി ദില്ലി പോലീസ്‌ എതിര്‍ത്തിട്ടും മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ ഒരു മാസത്തെ പരോള്‍ പ്രത്യുപകാരമായി അനുവദിച്ചതത്രെ. മനുശര്‍മ്മ പരോളില്‍ ഇറങ്ങിയ വാര്‍ത്ത മാധ്യമങ്ങള്‍ വന്‍വിവാദമായെങ്കിലും ഒരു രാഷ്‌ട്രീയ നേതാവും അതില്‍ ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. നേതാക്കളുടെ മക്കളുടെ കാര്യമാകുമ്പോള്‍ എല്ലാ രാഷ്‌ട്രീയക്കാരും ദുഃഖങ്ങള്‍ ഒന്നുപോലെ പങ്കിടേണ്ടതാണല്ലോ. കേരളത്തിലെ മന്ത്രിമാരുടെ മക്കളുടെ താന്തോന്നിത്തരത്തിനെതിരെ പ്രതിപക്ഷം എന്തുകൊണ്ട്‌ പ്രതികരിക്കുന്നില്ല എന്നതിന്‌ വേറെ കാരണം അന്വേഷിക്കേണ്ടതില്ല.
മനുശര്‍മ്മയ്‌ക്ക്‌ അനധികൃതമായി പരോള്‍ അനുവദിച്ചതിനെതിരെ കക്ഷിഭേദമില്ലാതെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ മൗനം പാലിക്കുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വിടാന്‍ തയ്യാറായില്ല. പരോളില്‍ ഇറങ്ങിയ മനുശര്‍മ്മയെ സുഹൃത്തിനോടൊപ്പം നൈറ്റ്‌ ക്ലബില്‍ കണ്ടു എന്ന വാര്‍ത്ത വിവാദത്തെ പിന്നെയും കൊഴുപ്പിച്ചു. അവസാനം ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ പുത്രനോടൊപ്പം മനുശര്‍മ്മ നൈറ്റ്‌ ക്ലബില്‍ എത്തിയിരുന്നു എന്ന വസ്‌തുത പോലീസും സ്ഥിരീകരിച്ചു. മനുശര്‍മ്മയുടെ കൂടെയുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ പുത്രന്റെ ശല്യം സഹിക്കവയ്യാതെ ബാര്‍ ഉടമ പരാതി വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ്‌ പോലീസ്‌ അന്ന്‌ രാത്രി അന്വേഷണത്തിനായി ക്ലബിലെത്തിയത്‌. എന്നാല്‍ പോലീസ്‌ സാന്നിധ്യം മണത്തറിഞ്ഞ മനുശര്‍മ്മ പുറംവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ്‌ പോലീസിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്‌. ഏതായാലും സംഗതി പ്രശ്‌നമാണെന്നറിഞ്ഞ അധികൃതര്‍ നവംബര്‍ 22 ന്‌ വരെയുണ്ടായിരുന്ന പരോള്‍ കാലാവധി റദ്ദാക്കിക്കൊണ്ട്‌ നവംബര്‍ 10 ന്‌ തന്നെ ജയിലില്‍ കീഴടങ്ങാന്‍ മനുവിനോട്‌ ആവശ്യപ്പെട്ടു.
അടുത്തടുത്ത ദിവസങ്ങളില്‍ സംഭവിച്ച ഏകദേശം സമാന സ്വഭാവമുണ്ടെന്ന്‌ പറയാവുന്ന കേരളത്തിലെ മന്ത്രി പുത്രന്റേയും മനുശര്‍മ്മയുടേയും വാര്‍ത്തകള്‍ ഒരേ തുലാസില്‍ തന്നെയാണ്‌ മാധ്യമങ്ങള്‍ തൂക്കിയതെന്നത്‌ ഒരു നേര്‍ക്കാഴ്‌ചയായി മുന്നില്‍ നില്‍ക്കുന്നു. കേരളത്തിലെ മന്ത്രിപുത്രന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി വാര്‍ത്ത തമസ്‌കരിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതാവിന്റെ മകന്‌ ആ ആനുകൂല്യം ലഭിച്ചില്ല എന്നതും സവിശേഷതയാണ്‌. കേവലം 48 മണിക്കൂര്‍ വ്യത്യാസത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ്‌ പത്രാധിപര്‍ വീര്‍ സാഗ്മിയും എന്‍ ഡി ടി വി ഗ്രൂപ്പ്‌ എഡിറ്റര്‍ ബര്‍ക്കാദത്തയും മനുശര്‍മ്മയ്‌ക്ക്‌ പരോള്‍ നല്‍കിയതിനെ നിശിതമായി വിമര്‍ശിച്ച്‌ ലേഖനങ്ങളെഴുതിയതും ശ്രദ്ധേയമായി. എന്നാല്‍ കോണ്‍ഗ്രസിന്റെ ചട്ടുകമാണ്‌ മാധ്യമങ്ങളെന്ന്‌ പ്രചരിപ്പിക്കുന്നവര്‍ എന്താണ്‌ മനുശര്‍മ്മയുടെ കേസിലെ മാധ്യമസമീപനങ്ങളെക്കുറിച്ച്‌ മൗനം ദീക്ഷിക്കുന്നത്‌.

ജനിതക കൊലയാളികള്‍ക്ക്‌ അരങ്ങൊരുങ്ങുമ്പോള്‍


പ്രകൃതി വൈവിദ്ധ്യത്തേയും സ്വാഭാവിക വ്യവസ്ഥകളേയും തകിടം മറിക്കാനുള്ള പുറപ്പാടിലാണ്‌ ജനിറ്റിക്‌ എഞ്ചിനിയറിങിന്റെ പുതിയ വഴികള്‍ നീണ്ടുകൊണ്ടിരിക്കുന്നത്‌.കഴിഞ്ഞ ഒക്‌ടോബര്‍ 14ന്‌ ബിടി വഴുതനങ്ങയ്‌ക്ക്‌ കേന്ദ്ര ജനിതക എഞ്ചിനിയറിങ്‌ അംഗീകാര കമ്മിറ്റി അനുമതി നല്‍കിയതിലൂടെ ഇന്ത്യയിലെ ഭക്ഷ്യ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കുള്ള സാധ്യതയാണ്‌ തെളിഞ്ഞിരിക്കുന്നത്‌.ആദ്യമായിട്ടാണ്‌ ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഭക്ഷ്യോല്‍പ്പാദനത്തിന്‌ കമ്മിറ്റി അനുമതി നല്‍കുന്നത്‌. അത്യുല്‍പ്പാദനശേഷിയുള്ള വഴുതങ്ങ വിത്തുകള്‍ കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. അതിനുള്ള സഹായം നല്‍കുന്നതാകട്ടെ അമേരിക്ക ആസ്ഥാമായുള്ള മോണ്‍സന്റോ എന്ന കമ്പനിയും. പരമ്പരാഗത വിത്തിനങ്ങളെ കലക്രമേണ ഇല്ലാതാക്കാനും അതുവഴി ഭക്ഷ്യ മേഖലയെ കുത്തക വല്‍ക്കരിക്കുകയുമാണ്‌ ഇതിലൂടെ കമ്പോളമൂലധന ശക്തികള്‍ ചെയ്യുവാന്‍ പോകുന്നത്‌.ജനിതക വിത്തിനങ്ങള്‍ക്ക്‌ പ്രത്യുല്‍പ്പാദനശേഷിയില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക്‌ പുതിയ വിളകളിറക്കാന്‍ വീണ്ടും ജനിതക വിത്തുകളെ ആശ്രയിക്കേണ്ടി വരും.കാലക്രമേണ പാരമ്പര്യ വിത്തുല്‍പ്പാദനം നിശേഷം ഇല്ലാതാവുകയും ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ജനിതക വിത്തുല്‍പ്പാദന കമ്പനികളുടെ കൈപ്പിടിയിലമരുകയും ചെയ്യും.
ഇന്ത്യയില്‍ ജനിതക വഴുതനങ്ങയെ കുറിച്ച്‌ പഠിക്കുവാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളുടെ സ്വഭാവം തന്നെ ഇതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്‌. വിത്തുല്‍പ്പാദന കമ്പനികളുടെ പ്രതിനിധികളാണ്‌ കമ്മിറ്റിതീരുമാനങ്ങളെ നിയന്ത്രിക്കുന്നത്‌ എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ നടന്നത്‌.അതുകൊണ്ട്‌ തന്നെ ജനിതക വിത്തുകളുടെ സുരക്ഷയെ സംബന്ധിച്ച്‌ യാതൊരുവിധ വസ്‌തുനിഷ്‌ഠമായ പഠനവും നടത്താതെയാണ്‌ കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്‌.ബിടി വഴുതനങ്ങ പരീക്ഷിച്ച്‌ നോക്കിയ ജന്തുജാലങ്ങളില്‍ സംഭവിച്ച ശാരീരികമാറ്റങ്ങല്‍ ഇത്‌ വ്യക്തമാക്കുന്നുണ്ട്‌.എലികളില്‍ കരള്‍ സംബന്ധമായ സങ്കോചം പശുക്കളുടെ പാലുല്‍പ്പാദനത്തില്‍ സംഭവിച്ച നിറം മാറ്റവും വ്യതിയാനവും,മുയലുകളുടെ ദഹനപ്രക്രിയ താറുമാറായതുമെല്ലാം ബിടി വഴുതനങ്ങ മനുഷ്യ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കും എന്നുള്ളതിനുള്ള വ്യക്തമായ തെളിവുകളാണ്‌.
ഇന്ത്യയില്‍ ഏകദേശം 8.4 ലക്ഷം കോടി ടണ്‍ വഴുതനങ്ങയാണ്‌ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌.കീടങ്ങള്‍ മൂലമുള്ള കള നാശമാണ്‌ വഴുതനങ്ങ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.എന്നാല്‍ കീടനാശിനികളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള വിഷാംശം അവയുടെ ഉപയോഗത്തെ പടിക്കുപുറത്ത്‌ നിര്‍ത്തുകയും ചെയ്യുന്നു.ഈ അവസരമാണ്‌ ബിടി വഴുതനങ്ങയുടെ ഉല്‍പ്പാദകര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നത്‌.ബാസില്ലസ്‌ ടുറിങ്കിന്‍സിസ്‌ എന്ന മണ്ണിലടങ്ങിയിരിക്കുന്ന ഒരുതരം ബാക്‌ടീരിയയെ സന്നിവേശിപ്പിച്ച വഴുതന വിത്തുകള്‍ ജനിതക സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി സൃഷ്‌ടിച്ചെടുക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌.ചുരുക്കത്തില്‍ ബിടി വഴുതനങ്ങ കഴിക്കുന്നതിലൂടെ കീടനാശിനികളും വന്‍തോതില്‍ മനുഷ്യ ശരീരത്തിലേക്ക്‌ എത്തുമെന്ന്‌ സാരം.
മധ്യപ്രദേശിലെ പരുത്തി കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തം തന്നെ ജനിതക വിത്തുകളുടെ ഭീകരതയെ വെളിപ്പെടുത്തുന്നുണ്ട്‌.ജനിതക വിത്തുകളുടെ ഉപയോഗത്തിലൂടെ നിരവധി ശാരീരിക ദുരിതങ്ങളാണ്‌ ഇവിടുത്തെ കര്‍ഷകര്‍ക്ക്‌ നേരിടേണ്ടി വന്നത്‌.ശരീരം മുഴുവന്‍ വ്രണങ്ങള്‍ ഉണ്ടാവുകയും,പല ഭാഗങ്ങളും തടിച്ച്‌ പൊങ്ങുകയും കണ്ണുകളുടെ നിറം മങ്ങുകയുമെല്ലാമായിരുന്നു ബിടി പരുത്തി കൃഷി ചെയ്‌തത്‌ മൂലം കര്‍ഷകര്‍ നേരിട്ടത്‌.അങ്ങനെ വരുമ്പോള്‍ ഒരു ജനിതക ഭക്ഷ്യോല്‍പ്പന്നത്തിന്റെ ഉപയോഗം മനുഷ്യ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ.ബിടി വിത്തുകള്‍ അലര്‍ജിക്ക്‌ കാരണമാകുമെന്നത്‌ മറുവാദമില്ലാത്ത വസ്‌തുതയാണ്‌.അമേരിക്കയില്‍ ട്രിറ്റോഫാന്‍ എന്ന ജനിതക ഭക്ഷ്യോല്‍പ്പന്നത്തിന്റെ ഉപഭോഗം മൂലം ഏകദേശം നൂറോളം പേരാണ്‌ മരണപ്പെട്ടത്‌.കൂടാതെ ആയിരത്തിലധികം ആളുകളും ന്യൂമോണിയ,വ്രണങ്ങല്‍,പേശീബലക്ഷയം ശ്വാസകോസരോഗങ്ങള്‍ എന്നിവയുമായി ഇപ്പോഴും മല്ലിട്ടുകൊണ്ടിരിക്കുകയാണ്‌.
വിവിധപ്രദേശങ്ങളിലെ മണ്ണിന്റെസ്വഭാവം വ്യത്യസ്‌തമായിരിക്കുമല്ലോഎന്നാല്‍ അത്‌ കണക്കിലെടുക്കാതെ ഏകസ്വഭാവരൂപത്തിലാണ്‌ ബിടി വിത്തിനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.ഇത്‌ മണ്ണില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ വിപരീത ഫലം സൃഷ്‌ടിക്കുകയും കൃത്രിമമായി സന്നിവേശിപ്പിച്ചിരിക്കുന്ന വിദേശ ജീനുകള്‍ മനുഷ്യശരീരത്തിലെ ജീനുകളുമായി ചേര്‍ന്ന പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും.
അമേരിക്ക,ബ്രസീല്‍,ചൈന,അര്‍ജന്റീന,ഇന്ത്യ എന്നീ അഞ്ചു രാജ്യങ്ങള്‍ മാത്രമാണ്‌ ലോകത്ത്‌ ബിടി വിത്തിനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏരിയ പങ്കും ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.ഇതില്‍ ബ്രസീലും അര്‍ജന്റീനയും കന്നുകാലി തീറ്റക്കുവേണ്ടി മാത്രമാണ്‌ ബിടി വിത്തുകള്‍ ഉപയോഗിക്കുന്നത്‌.റൗണ്ട്‌ അപ്പ്‌ റെഡി ചോളം,സോയ എന്നിവയാണ്‌ അമേരിക്കയില്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്‌.2002ലാണ്‌ ഇന്ത്യയില്‍ ആദ്യമായി ബിടി വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്രം അനുമതി കൊടുത്തത്‌.വ്യക്തമായ രൂപരേഖയോ പഠനങ്ങളോ നടത്താതെയായിരുന്നു ഇത്‌. അതുകൊണ്ട്‌ തന്നെ ഇതിന്റെ ദുരന്തവും ഇന്ത്യ കണ്ടതാണ്‌.1997 വിദര്‍ഭയില്‍ സംഭവിച്ച ഏകദേശം ഒന്നരലക്ഷത്തോളം കര്‍ഷകരുടെ ആത്മഹത്യക്കു പിന്നില്‍ ബിടി പരുത്തി വരുത്തിവെച്ച നഷ്‌ടങ്ങളുടെ കണക്കുകളുണ്ട്‌. ഒരു കിലോഗ്രാം പരുത്തി ഉല്‍പ്പാദിപ്പിക്കാന്‍ 11000 ത്തോളം ലിറ്റര്‍ വെള്ളമാണ്‌ വേണ്ടി വരിക.ഇത്‌ കര്‍ഷകരെ കടുത്ത വരള്‍ച്ചയിലേക്ക്‌ കൊണ്ടെത്തിക്കുകയും തന്മൂലം മുടക്ക്‌മുതല്‍ തിരിച്ച്‌ പിടിക്കാനാവാതെ കര്‍ഷകര്‍ കടക്കെണിയില്‍ കുടുങ്ങിപ്പോവുകയുംചെയ്‌തു. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയുടെ തീവ്രത വര്‍ദ്ധിച്ചത്‌ ഇതിലൂടെയായിരുന്നു.എന്നാല്‍ അതുകൊണ്ടൊന്നും കണ്ണുതെളിയാതെയാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ ബിടി വഴുതനങ്ങയ്‌ക്ക അനുമതി നല്‍കിയിരിക്കുന്നത്‌.ഇന്ത്യയില്‍ ഇപ്പോള്‍ ഏകദേശം 300 ഇനം വഴുതനങ്ങ കൃഷി ചെയ്യുന്നുണ്ട്‌.അപ്പോള്‍ പിന്നെ ബിടി വഴുതനങ്ങയുടെ ആവശ്യം എന്തിനാണെന്നുള്ള ചോദ്യം പ്രസക്തമാണ്‌.ജൈവസുരക്ഷയുമായി ബന്ധപ്പെട്ട കാര്‍ട്ടാജീനാ പ്രോട്ടോകോല്‍ അനുസരിച്ച്‌ അംഗരാജ്യങ്ങല്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കരുതെന്നാണ്‌ വ്യവസ്ഥ.കോര്‍പ്പറേറ്റ്‌ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ രാജ്യത്തെ ഭക്ഷ്യസുരക്ഷയെ അടിയറവുവെയ്‌ക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്‌.പ്രഗല്‍ഭരായ ആരുടേയും അഭിപ്രായം സര്‍ക്കാര്‍ ഇക്കാര്യത്തില്‌ മുഖവിലക്കെടുത്തിട്ടില്ല.എന്നാല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തികകത്ത്‌ ബിടി വിത്തുകളുടെ ഒരു ഉപയോഗവും അനുവദിക്കില്ലെന്ന്‌ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌ അഭിനന്ദനാര്‍ഹം തന്നെയാണ്‌.

അമേരിക്കയിലെ തകരുന്ന ആരോഗ്യമേഖല


സെപ്‌തംബര്‍ ആദ്യവാരം അമേരിക്കയിലെ സെന്‍സല്‍ ബ്യൂറോ ആരോഗ്യരംഗത്തെ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട്‌ പുറത്തുവിടുകയുണ്ടായി. വരുമാനവും ദാരിദ്ര്യവും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷണവും അമേരിക്കയില്‍ 2008 എന്ന പേരിലുള്ള ആ റിപ്പോര്‍ട്ട്‌ സര്‍വ്വപ്രധാനമായ ആരോഗ്യമേഖലയെ എത്രമാത്രം അവഗണനയോടെയാണ്‌ അമേരിക്കന്‍ സര്‍ക്കാര്‍ കാണുന്നതെന്നതിലേക്ക്‌ വിരല്‍ചൂണ്ടുന്നു.
2008 ല്‍ മാത്രം അമേരിക്കയിലെ ദരിദ്രരുടെ എണ്ണം 13.27 % മാത്രമാണ്‌ വര്‍ദ്ധിച്ചിരിക്കുന്നത്‌. കഴിഞ്ഞ പതിനൊന്ന്‌ വര്‍ഷത്തിനിടെ ഉള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. 1930 ന്‌ ശേഷം ഉണ്ടായിട്ടുള്ള സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന്‌ ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെട്ടതിന്റെ ഫലമാണിത്‌. കറുത്തവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഇത്‌ 24.7% ആണ്‌. സാമ്പത്തിക മുന്നേറ്റത്തിന്റെതായ 2004-07 കാലയളവില്‍ പോലും 31 ശതമാനത്തോളം അമേരിക്കാരാണ്‌ ശരാശരി രണ്ടുമാസത്തോളം തൊഴിലില്ലാതിരുന്നത്‌.
2008 അവസാനം പുറത്തുവിട്ട കണക്കുപ്രകാരം ഏകദേശം 39.8 ദശലക്ഷം തൊഴില്‍രഹിതരാണ്‌ രാജ്യത്തുള്ളത്‌. 1960 കള്‍ക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. അതില്‍ത്തന്നെ 17.1 ദശലക്ഷം ആളുകള്‍ കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിലാണ്‌. 1930 കള്‍ക്ക്‌ ശേഷം ആദ്യമായാണ്‌ ഇടത്തരം കുടുംബവരുമാനം 1990 2008 കാലയളവില്‍ ഇത്രയധികം താഴോട്ട്‌ പോയത്‌.
2000 നും അതിനുമുകളിലും ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നാണ്‌ ഇടത്തരം കുടുംബവരുമാനത്തെ സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചിരിക്കുന്നത്‌. വരുമാനത്തെ സംബന്ധിച്ചും ദാരിദ്ര്യത്തെ സംബന്ധിച്ചും എല്ലാവര്‍ഷവും ഈ സര്‍വ്വേ നടക്കാറുണ്ട്‌. വ്യക്തിപരമായ വരുമാനം, ഔദ്യോഗിക ഭരണരേഖകള്‍, ജനസംഖ്യാഅനുപാതം മറ്റ്‌ ഗവേഷണങ്ങള്‍ എന്നിവയിലൂടെയാണ അതു സംബന്ധിച്ച സമഗ്രമായ കണക്കുകള്‍ യു എസ്‌ സെന്‍സസ്‌ ബ്യൂറോ പുറത്തുവിടാറുള്ളത്‌.
ഭരണകൂടം തന്നെയാണ്‌ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമെന്ന നിരീക്ഷണം സെന്‍സസ്‌ ബ്യൂറോയും ശരിവെയ്‌ക്കുന്നു.
ഏകദേശം 40 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ വ്യാപകമായ ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതാണ്‌. അന്ന്‌ അതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജീവിതനിലവാരം ഉയര്‍ത്തുന്നതിനും, ശിശുസംരക്ഷണത്തിന്റെ വിഷയത്തിലും, ആരോഗ്യരംഗത്തുമൊന്നും പ്രത്യേക ഫണ്ടുകള്‍ നീക്കിവെയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ദശലക്ഷക്കണക്കിന്‌ ആളുകളാണ്‌ ശരിയായ വൈദ്യസഹായം ലഭിക്കാതെ അമേരിക്കയില്‍ ഇപ്പോഴും നരകിക്കുന്നത്‌.
2004 ലെ ബ്യൂറോ റിപ്പോര്‍ട്ട്‌ പ്രകാരം ഇടത്തരം കുടുംബവരുമാനത്തില്‍ 3.6 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്‌. 1992 മുതല്‍ തുടരുന്ന തകര്‍ച്ചയുടെ ഏറ്റവും കൂടിയ അളവാണ്‌ 2008 ല്‍ രേഖപ്പെടുത്തിയത്‌. എന്നാല്‍ സെന്‍സസ്‌ ബ്യുറോയില്‍ നിന്നു വ്യത്യസ്‌തമായി, ചില സ്വകാര്യ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നത്‌ രാജ്യത്തെ ദരിദ്രരുടെ അവസ്ഥ അതിലും പരിതാപകരമാണെന്നാണ്‌.
* ഉയര്‍ന്ന വരുമാനക്കാരും താഴ്‌ന്ന വരുമാനക്കാരും തമ്മിലുള്ള വിടവ്‌ മുമ്പെങ്ങുമില്ലാത്തവിധം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്‌.
* സാമ്പത്തി ശാസ്‌ത്രജ്ഞന്മാരായ തോമസ്‌ പിക്കെറ്റിയുടേയും ഉമ്മാനുവേല്‍ സെയ്‌സിന്റെയും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്‌ ദേശീയ വരുമാനത്തിന്റെ മൂന്നില്‍ രണ്ട്‌ ഭാഗവും 1 ശതമാനം ജനങ്ങളുടെ കൈവശമാണ്‌. 1920 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഓഹരി ആണിത്‌.
* നാണയപ്പെരുപ്പത്തിന്റെ ഫലമായി വരുമാനം കൂപ്പുകുത്തിവീണു.
* ലക്ഷക്കണക്കിന്‌ കുട്ടികളാണ്‌ സ്‌കൂളിലെ ഉച്ചഭക്ഷണത്തെ ആശ്രയിച്ച്‌ കഴിയുന്നത്‌.
* 2009 ന്റെ അവസാനമാകുമ്പോഴേയ്‌ക്കും നാലിലൊന്ന്‌ കുട്ടികളും നിത്യദാരിദ്ര്യത്തിന്റെ പിടിയിരിക്കുമെന്നാണ്‌ ഇക്കോണമിക്‌ പോളിസി ഇന്‍സ്റ്റിറ്റിയൂട്ട്‌ കണക്കാക്കുന്നത്‌.
* വരുമാനമുള്ളവര്‍ രണ്ടുപേര്‍ ഉണ്ടായിട്ട്‌ പോലും നിത്യച്ചെലവ്‌ തള്ളിനീക്കാന്‍ ഒരു കുടുംബത്തിന്‌ സാധിക്കുന്നില്ല.
* ദേശീയ ബജറ്റ്‌ വെട്ടിച്ചുരുക്കല്‍ നിര്‍ബന്ധിതമായിരിക്കുന്നു.
* തൊഴിലാളികള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഭീമമായ കുറവാണ്‌ വന്നിരിക്കുന്നത്‌.
* ഭക്ഷണകൂപ്പണ്‍ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.
* ദരിദ്രരുടേയും വീട്‌ നഷ്‌ടപ്പെടുന്നവരുടെയും അളവ്‌ വര്‍ദ്ധിക്കുന്നു.
* തൊഴില്‍ നഷ്‌ടവും തൊഴിലില്ലായ്‌മയും കഴിഞ്ഞ കുറച്ചുമാസങ്ങളായി നിര്‍ബാധം തുടരുകയാണ്‌. ഇതേ സംബന്ധിച്ച കണക്കുകള്‍ പ്രകാരം അത്‌ ഉച്ചസ്ഥായിലാണ്‌.
കിസിഞ്ചര്‍ അസോസിയേറ്റ്‌, സപ്‌തംബര്‍ 11 നെ സംബന്ധിച്ച്‌ ടൈം മാസികയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്‌. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനത്തില്‍ തെളിഞ്ഞത്‌, തൊഴിലില്ലായ്‌മ അസ്വസ്ഥത ഉണ്ടാക്കുംവിധം വര്‍ദ്ധിക്കുന്നുവെന്നാണ്‌. വിദഗ്‌ദ്ധര്‍ക്ക്‌ പോലും പ്രതീക്ഷിക്കാനാവാതെ വിധത്തിലാണ്‌ കാര്യങ്ങള്‍ ഇപ്പോള്‌ മുന്നോട്ട്‌ പോകുന്നത്‌.
ആരും ഇതേപറ്റി വേണ്ടവിധത്തില്‍ ചിന്തിക്കുന്നില്ല എന്നാണ്‌ അദ്ദേഹം പറയുന്നത്‌. തൊഴില്‍ നഷ്‌ടപ്പെടുന്നവരുടെ എണ്ണം പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്താണ്‌. സാമ്പത്തിക മാന്ദ്യത്തിന്റെ അവസാനമാകുമമ്പോഴേക്കും തൊഴിലില്ലായ്‌മ ഒരു ശീലമായി മാറുവാനാണ്‌ സാധ്യത.
അമേരിക്കയുടെ തകര്‍ന്ന സാമ്പത്തിക മാതൃകകള്‍ ഇനി എങ്ങനെയാണ്‌ പുനഃസ്ഥാപിക്കുക അല്ലെങ്കില്‍ അങ്ങനെയൊന്ന്‌ ഇനി സാധ്യമാണോ എന്ന്‌ പീറ്റേഴ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ജേക്കബ്‌ കീര്‍കെ ഗാര്‍ഡ്‌ ആശങ്കപ്രകടിപ്പിക്കുന്നു. ഇങ്ങനെപോയാല്‍ തൊഴിലില്ലായ്‌മ കൂടുതല്‍ ഉയരാനാണ്‌ സാധ്യത എന്നദ്ദേഹം പറയുന്നു.
പ്രമുഖ സാമ്പത്തിക വിശാരദനായ സമ്മേഴ്‌സ്‌ പരമ്പരാഗത തൊഴിലില്ലായ്‌മയെ സംബന്ധിച്ച കാഴ്‌ചപ്പാടുകള്‍ മാറേണ്ടുന്നതാണെന്ന്‌ പറയുന്നു. അതായത്‌, തുടര്‍ച്ചയായ തൊഴിലില്ലായ്‌മ ഒരു പ്രത്യേക സ്ഥലത്ത്‌ കാണന്നുവെങ്കില്‍ അവിടുത്തെ വിപണിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ്‌ ഉയരേണ്ടത്‌.
ഉയര്‍ന്ന തോതില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നവര്‍ക്കാണ്‌ ഇപ്പോള്‍ തൊഴില്‍ നഷ്‌ടപ്പെട്ടിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ അമേരിക്കക്ക്‌ അത്തരമൊരു തലത്തില്‍ വീണ്ടും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. കുറച്ച്‌ താഴേയ്‌ക്കുള്ള തൊഴിലവസരങ്ങളെ കുറിച്ച്‌ ചിന്തിക്കുന്നതാവും ഇനി നല്ലത്‌.
പോരാത്തതിന്‌ 1930 കളിലെ അവസ്ഥയില്‍ നിന്നും വ്യത്യസ്‌തമായി യന്ത്രങ്ങളാണ്‌ മനുഷ്യരേക്കാളധികം ഇക്കാലത്ത്‌ പണിയെടുക്കുന്നത്‌. മനുഷ്യന്‌ സാഹചര്യമൊരുക്കുക എന്ന ദൗത്യമേ ഉള്ളൂ. അതുകൊണ്ട്‌ തന്നെ നിരവധി വൈറ്റ്‌ കോളറുകര്‍ ബ്ലൂ കോളറിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്‌. അതിനാല്‍ പരമ്പരാഗത സാമ്പത്തിക വീക്ഷണങ്ങള്‍ക്കൊന്നും ഇപ്പോഴത്തെ പ്രതിസന്ധിയെ പരിഹരിക്കുവാന്‍ കഴിയില്ലെന്നാണ്‌ സമ്മേഴ്‌സ്‌ പറയുന്നത്‌.
ഉപഭോക്തൃവായ്‌പയെ സംബന്ധിച്ച്‌ പുതിയ കേന്ദ്രീകൃത ഗവേഷണത്തില്‍ തെളിഞ്ഞ കൂടുതല്‍ വസ്‌തുതകള്‍
സപ്‌തംബര്‍ 8 ന്‌ പുറത്തുവിട്ട ഫെഡറല്‍ റിസര്‍വ്‌ റിപ്പോര്‍ട്ട്‌ പ്രകാരം കഴിഞ്ഞ ജൂലൈയില്‍ മൊത്തം ഉപഭോക്തൃ വായ്‌പ 2.47 ദശലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്‌. മൊത്തത്തിലെടുത്താല്‍ അത്‌ 2.47 ട്രില്യണ്‍ ഡോളറാണ്‌ അതായത്‌ 10.4 ശതമാനം.
ഇക്കണോമിക്‌ ഔട്ട്‌ലുക്ക്‌ ചീഫ്‌ ബര്‍ണാഡ്‌ ബോമേനല്‍ പറയുന്നതുപോലെ വിപണിക്ക്‌ ഈ വര്‍ഷം ഉപഭോക്താവില്‍ നിന്നും യാതൊരുവിധ സംഭാവനകളും ലഭിച്ചിട്ടില്ല. ഒരുപക്ഷെ അടുത്തവര്‍ഷം ഗുണപരമായ പങ്കാളിത്തം ലഭിച്ചേക്കാം. വായ്‌പയിലന്മേലുണ്ടായിരിക്കുന്ന ഈ പ്രത്യാഘാതം സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്‌. ഇത്‌ മൂലം സംഭവിച്ചിരിക്കുന്ന ഉയര്‍ന്ന ദാരിദ്ര്യനിരക്ക്‌, വരുമാനവീഴ്‌ച എന്നിവയെല്ലാം 2009 ലെ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ സവിസ്‌തരം പ്രതിപാദിക്കുന്നു.
ആരോഗ്യമേഖലയില്‍ തുടരുന്ന മന്ദത
2008 ല്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ മേഖലയെ സംബന്ധിച്ച വിവരങ്ങള്‍ ബ്യൂറോ ശേഖരിക്കുകയുണ്ടായി. അതില്‍പ്രകാരം 46.3 ദശലക്ഷം ആളുകളാണ്‌ അമേരിക്ക ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുടെ പരിധിയില്‍ പെടാതെയുള്ളത്‌. അതായത്‌ മൊത്തം ജനസംഖ്യയുടെ 15.4 ശതമാനം. 2007 ല്‍ മാത്രം 6,82,000 പേരാണ്‌ ഉണ്ടായത്‌. തുടര്‍ച്ചയായ എട്ടുവര്‍ഷങ്ങളില്‍ വളരെ കുറച്ചുപേര്‍ക്കേ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ലഭിച്ചിട്ടുള്ളൂ. അവര്‍ക്കാകട്ടെ അതിനായി ഭീമമായ തുകയാണ്‌ അടങ്കലായി വരുന്നത്‌.
എന്നാല്‍ മറ്റു പഠനങ്ങള്‍ അതിലും ഭയാനകമായ കണക്കുകളാണ്‌ പറയുന്നത്‌. കണ്‍...... ബജറ്റ്‌ ഓഫീസിന്റെ കണക്കുപ്രകാരം അത്‌ 56 ദശലക്ഷമാണ്‌ 2009 മെയില്‍ ടോഡ്‌ ലിങ്കും റിച്ചാര്‍ഡ്‌ ക്രോനിക്കും നടത്തിയ ഗവേഷണങ്ങളില്‍ ഏകദേശം 1,91,670 ല്‍ കൂടുതല്‍ ആളുകള്‍ക്കാണ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ഇപ്പോഴത്തെ കണക്ക്‌ പ്രകാരം 2.3 ദശലക്ഷമാണ്‌ പ്രതിവര്‍ഷം പരിരക്ഷ ഇല്ലാതാകുന്നവരുടെ എണ്ണം. ഈ നില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ 2010 അവസാനമാകുമ്പോഴേക്കും 6.9 ദശലക്ഷമാകും ഇത്തരക്കാരുടെ എണ്ണം.
അമേരിക്കന്‍ പബ്ലിക്‌ ഹെല്‍ത്ത്‌ അസോസിയേഷന്‍ പറയുന്ന പ്രകാരം, ഏകദേശം 25 ദശലക്ഷം ആളുകളും മാരകമായ ചില രോഗങ്ങള്‍ക്കാവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഇല്ലാത്തവരാണ്‌. 2007-08 ലെ പല കാലയളവിലും 90 ദശലക്ഷത്തോളം അമേരിക്കക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ ഇല്ലാതെ ജീവിച്ചവരാണ്‌. ഹെന്‍റിളെ കൈവരി ന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഇല്ലാത്തവരില്‍ 80% ആളുകളും തൊഴിലാളിവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌. മറ്റൊരു ഗവേഷണത്തില്‍ തെളിഞ്ഞത്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഇല്ലാത്തവരില്‍ 27 ശതമാനം ആളുകള്‍ 65 വയസിന്‌ താഴെയുള്ളവരാണ്‌. ഇപ്പോഴുള്ള സാഹചര്യം തുടരുകയാണെങ്കില്‍ വന്‍തോതില്‍ തൊഴിലിടങ്ങളിലെ പിരിച്ചുവിടല്‍ വര്‍ദ്ധിക്കുകയും 2019 ഓടുകൂടി ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഇല്ലാത്തവര്‍ 66 ദശലക്ഷമായി ഉയരുകയും ചെയ്യും.
മുഴുവന്‍ സമയതൊഴിലാളികള്‍ക്കും ഇടത്തരും കുടുംബങ്ങളെയുമാണ്‌ സാമ്പത്തിക മന്ദത ഏറ്റവുമധികം ബാധിച്ചിരിക്കുതെന്നാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
2001 മുതല്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷയില്ലാത്ത തൊഴിലാളികളുടെ ശതമാനം വര്‍ദ്ധിക്കുകയാണ്‌. 2008 ല്‍ 65 വയസിന്‌ താഴെയുള്ളവരില്‍ തൊഴില്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷയുള്ളവര്‍ 61.90 ശതമാനമാണ്‌. തുടര്‍ച്ചയായ തൊഴിലില്ലായ്‌മയുടേയും ശമ്പളം കുറച്ചതിന്റെയുമൊക്കെ ഫലമായിട്ടാണ്‌ 2001 ല്‍ 67 ശതമാനമായിരുന്നത്‌ 2008 എത്തിയപ്പോള്‍ ഇത്തരത്തിലായത്‌.
തൊഴിലിന്റെ കാര്യത്തില്‍ യാതൊരുവിധ സംരക്ഷണവും ഇപ്പോള്‍ ഉറപ്പില്ല. ആരോഗ്യസംരക്ഷണത്തിനാവശ്യമായ ഭീമമായ തുകയാണ്‌ പലരെയും പാപ്പരാക്കുന്നത്‌. മനുഷ്യാവകാശങ്ങളെ ഖണ്‌ഡിക്കുകയാണ്‌ ലോകത്തിലെ ഏറ്റവും വലിയ വ്യവസായ രാഷ്‌ട്രമായ അമേരിക്ക. മുപ്പതോളം വരുന്ന വന്‍കിട വ്യവസായ രാഷ്‌ട്രങ്ങളില്‍വെച്ച്‌ അമേരിക്കയാണ്‌ തൊഴിലാളികള്‍ക്ക്‌ വേണ്ടുന്ന പരിരക്ഷ നല്‍കാത്ത ഒരേ ഒരു രാജ്യം. മരുന്നുകള്‍ക്കാകട്ടെ തീപിടിച്ച വിലയും.
എന്നാല്‍ ഈ പറയുന്ന വിഷയങ്ങളൊന്നും തന്നെ വാഷിംഗ്‌ടണില്‍ നടത്തിയ പ്രസംഗത്തില്‍ ഒബാമ പരാമര്‍ശിക്കുകയില്ല. കോര്‍പറേറ്റ്‌ താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുക്കുന്ന ഡെമോക്രാറ്റുകള്‍ക്കും റിപ്‌ബ്ലിക്കന്‍വിനും ഇതിനപ്പുറത്ത്‌ പൊതുസമൂഹത്തെ സംബന്ധിച്ച്‌ മറ്റെന്ത്‌ നിലപാടാണ്‌ കൈക്കൊള്ളുവാന്‍ സാധിക്കുക.
കഴിഞ്ഞ ജനുവരിയില്‍ നേതൃത്വം ഏറ്റെടുത്തതുമുതല്‍ മുന്‍ഗാമി ജോര്‍ജ്‌ ബുഷിന്‌ സാധിക്കാതിരുന്ന പല മുന്നേറ്റങ്ങളും ഒബാമ ആഭ്യന്തര വിദേശ നയങ്ങളിലും മറ്റും നടത്തുകയുണ്ടായി. എന്നാല്‍, ഫെഡറല്‍ ട്രഷറിക്ക്‌ സംഭഴിച്ചിരിക്കുന്ന തകര്‍ച്ചയിലും, സാമ്പത്തിക മാന്ദ്യത്തിലും വാള്‍ സ്‌ട്രീറ്റിന്റെ ദൈന്യതയിലും സാമ്രാജ്യത്വ യുദ്ധങ്ങളിലും, ശ്രദ്ധിക്കാതെ മധേഷ്യന്‍ സമാധാനം ഉണ്ടാക്കുവാന്‍ പോയ ഒബാമയുടെ നയം വിമര്‍ശിക്കപ്പെടേണ്ടതും പൊതുവിശ്വാസത്തെ ഹനിക്കുന്നതുമാണ്‌.
സെപ്‌തംബര്‍ 9 ന്‌ നടന്ന സമ്മേളനത്തില്‍ സംരംഭകരുടെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പുകള്‍ ഒബാമ നല്‍കുകയുണ്ടായി. കൂടെ ഉല്‌പാദനത്തെ സംബന്ധിച്ച്‌ ഉല്‌പാദകര്‍ക്കു മുന്‍പില്‍ കുറേ ഉപദേശങ്ങളും.
ചെലവുചുരുക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഇവയാണ്‌.
* ആരോഗ്യരംഗത്തേക്ക്‌ നീക്കിവെക്കുന്ന ലക്ഷക്കണക്കിന്‌ ഡോളറില്‍ കുറവു വരുത്തുക.
* ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ടെസ്റ്റുകളും ചികിത്സകളും പരമാവധി ഒഴിവാക്കുക.
* വൈദ്യത്തില്‍ വിദഗ്‌ദ്ധരായവരെ വീട്ടു കാവല്‍ക്കാരായ നിയമിക്കുക. അതുവഴി ഡോക്‌ടര്‍മാരെ ഒഴിച്ചുനിര്‍ത്തുവാന്‍ സാധിക്കും. സ്വയം ചികിത്സിക്കാനറിയുന്നതും നന്നായിരിക്കും കാഡിലിയാക്‌ എന്ന്‌ വിളിക്കപ്പെടുന്ന പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുക. എന്നാല്‍ ഇത്‌ തൊഴിലാളികളുടെ കഷ്‌ടത വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്യുക. ഇന്‍ഷുറന്‍സ്‌ എടുക്കാന്‍ എല്ലാവരേയും നിര്‍ബന്ധിക്കുക. 100 മുതല്‍ 300 ശതമാനം വരെയുള്ള വരുമാനക്കാരില്‍ നിന്നും അധിക നികുതി ഈടാക്കുക.
* സമ്പാദ്യത്തില്‍ പോരായ്‌മയുണ്ടെങ്കില്‍ ധനക്കമ്മി വര്‍ദ്ധിപ്പിക്കാന്‍ വൈദ്യസഹായ ചെലവുകള്‍ കുറയ്‌ക്കുക.
* ആരോഗ്യ പരിരക്ഷ കുറഞ്ഞവര്‍ സ്വന്തം ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്‌.
പൊതുജനങ്ങളില്‍ നിന്നും മറച്ചുവെച്ചിരിക്കുന്ന വിവരങ്ങള്‍ ഇനിയും ബാക്കിയാണ്‌. പക്ഷെ ഒബാമയുടെ ലക്ഷ്യം വ്യക്തമാണ്‌. ജനങ്ങളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുക, സ്വാകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനിക്കാരെ സഹായിക്കുക, വന്‍കിട ആശുപത്രികള്‍ക്ക്‌ ഒത്താശ ചെയ്യുക എന്നതാണ്‌ എല്ലാവരെയും ഇന്‍ഷുറന്‍സ്‌ ചെയ്യിക്കുകയും അനുസരിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്നതിലെ രഹസ്യം. പൊതുസമൂഹത്തിന്‌ മേലുള്ള ഈ അന്യായ കയ്യേറ്റത്തിന്‌ അറുതി വരുത്തേണ്ടതാണ്‌.