ദക്ഷിണ ആഫ്രിക്കയിലെ രണ്ടാം ഭൂപരിഷ്കരണം


൨൦൧൪ ലോടുകൂടി ആഫ്രിക്കയിലെ കാര്‍ഷിക നിലങ്ങളുടെ ൩൦ ശതമാനം അവകാശം കറുത്തവര്‍ഗ്ഗക്കാരുടെ കൈവശം എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ്‌ ൧൯൯൪ ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഗവണ്‍മെണ്റ്റ്‌ ഭൂപരിഷ്കരണകര്‍മ്മപരിപാടി ആരംഭിച്ചത്‌. ൨൪ ദശലക്ഷം ഹെക്ടര്‍ ഭൂമി കറുത്തവര്‍ക്ക്‌ കൈമാറുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതുവരെ കൈമാറിയതാകട്ടെ ൫.൮ ദശലക്ഷം ഹെക്ടര്‍ മാത്രം. ൨൦൧൪ ല്‍ തന്നെ ലക്ഷ്യം നേടുക എന്ന വാശിയിലാണ്‌ ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. ഭൂമി പിടിച്ചെടുക്കല്‍നിയമം പാര്‍ലമെണ്റ്റില്‍ കഴിഞ്ഞവര്‍ഷം പാസാക്കിയിരുന്നു. എന്നാല്‍ അതിന്‌ ബലം പോരാ എന്ന്‌ കരുതിയിട്ടാവണം, പ്രസ്തുത ബില്‍ വീണ്ടും പാര്‍ലമെണ്റ്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌. ഗവണ്‍മെണ്റ്റ്‌ കാണിക്കുന്നത്‌ തലതിരിഞ്ഞ നയമാണെന്നാണ്‌ പ്രതിപക്ഷവും കാര്‍ഷിക സംഘടനകളും കുറ്റപ്പെടുത്തുന്നത്‌. കൈമാറുന്ന ഭൂമിയില്‍ കൃഷിയൊരുക്കാനുള്ള യാതൊരു സംവിധാനവും കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്നില്ല. പോരാത്തതിന്‌ കാര്‍ഷിക മേഖലയെ കുറിച്ച്‌ തീര്‍ത്തും അജ്ഞരായവരുടെ കൈകളില്‍ ഈ ഭൂമി എത്തിപ്പെടുന്നുവെന്നതിനാല്‍, ശേഷിക്കുന്ന കാലം മൃതാവസ്ഥയില്‍ കിടക്കാനാണ്‌ ആ ഭൂമിയുടെ വിധി എന്നാണ്‌ അവര്‍ ആരോപിക്കുന്നത്‌. ഇതുമൂലം അയല്‍രാജ്യമായ സിംബാബ്‌വെയുടെ ഗതിവരുമെന്ന്‌ പല സംഘടനകളും മുന്നറിയിപ്പ്‌ നല്‍കുന്നുുണ്ട്‌. സിംബാബ്‌വേയില്‍ റോബര്‍ട്ട്‌ മുഗാബേയുടെ സര്‍ക്കാര്‍ ഒരാവേശത്തിലാണ്‌ വെള്ളക്കാരുടെ കയ്യില്‍ നിന്നും ഭൂമി പിടിച്ചെടുത്തത്‌. ഇപ്പോള്‍ അതെല്ലാം എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്‌. ഭൂമി ലഭിച്ചവര്‍ക്കാകട്ടെ കാര്‍ഷികവൃത്തിയുടെ ആദ്യാക്ഷരങ്ങള്‍ പോലുമറിയില്ല. തന്‍മൂലം തരിശുനിലങ്ങളുടെ അളവ്‌ അവിടെ ക്രമാതീതമായി വര്‍ദ്ധിച്ചു. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പരിസരബോധമില്ലാതെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്ന കാര്‍ഷിക ഭൂമി കുരങ്ങണ്റ്റെ കയ്യിലെ പൂമാലയാകുമെന്നാണ്‌ വിദഗ്ദ്ധര്‍ പറയുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ