പരസ്യങ്ങളിലെ ടാഗോര്‍




ബീന്ദ്രനാഥ ടാഗോര്‍ കൂടുതല്‍ കൂടുതല്‍ ആഘോഷിക്കപ്പെടുകയാണ്‌. മെയ്‌ 9 ന്‌ അദ്ദേഹത്തിന്റെ 150 ാം ജന്മദിനമാണ്‌ കടന്നുപോകുന്നത്‌. അദ്ദേഹത്തിന്റെ രേഖാചിത്രങ്ങള്‍ പരസ്യങ്ങളില്‍ പിന്നെയും സജീവമാവുന്നു. ജീവിച്ചിരുന്ന കാലത്തും പരസ്യങ്ങളില്‍ ഏറ്റവുമധികം ചിത്രീകരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ടാഗോറിന്റേത്‌. ഇന്ത്യന്‍ പരസ്യലോകത്ത്‌ ഇപ്പോള്‍ ഷാരൂഖ്‌ ഖാന്‍ എങ്ങനെയാണ്‌ കത്തിനില്‍ക്കുന്നത്‌ അതുപോലെയായിരന്നു അക്കാലത്ത്‌ ബംഗാളി പരസ്യങ്ങളില്‍ ടാഗോറിന്റെ സ്ഥാനം.
നൂറിലധികം പരസ്യങ്ങള്‍ക്ക്‌ ടാഗോര്‍ മോഡലായിട്ടുണ്ട്‌. 1887 നും 1941 നും ഇടയില്‍ ടാഗോറിനെ വച്ച്‌ 90 ലധികം പരസ്യങ്ങള്‍ വന്നിട്ടുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. നെയ്യ്‌, ക്രീമുകള്‍, മധുരപലഹാരങ്ങള്‍ എന്നിവ തൊട്ട്‌ ഹാര്‍മോണിയത്തിന്റെ പരസ്യത്തില്‍ വരെ ടാഗോര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. സിനിമാക്കാരേക്കാളും, ക്രിക്കറ്റ്‌ കളിക്കാരേക്കാളും വിലപിടിച്ച പരസ്യതാരമായിരുന്നു ടാഗോര്‍.
അക്കാലത്തെ പരസ്യങ്ങളില്‍ ടാഗോര്‍ നക്ഷത്രമായി തിളങ്ങുവാന്‍ പ്രധാനമായും മൂന്ന്‌ കാരണങ്ങളാണ്‌ പറയപ്പെടുന്നത്‌. കോടികള്‍ക്ക്‌ തുല്യമായ തുകയൊന്നും അദ്ദേഹം ഈടാക്കിയിരുന്നില്ല. രണ്ടാമതായി അദ്ദേഹത്തിന്റെ സാന്നിധ്യം പരസ്യത്തിന്‌ ലഭിക്കുന്ന ദേശീയ മാനം. മൂന്നാമതായി അദ്ദേഹത്തിന്റേതായ പരസ്യങ്ങളെല്ലാം വളരെ ചെലവ്‌ കുറഞ്ഞതായിരുന്നു.
ജലജോഗ്ന എന്ന മധുര പലഹാരത്തിന്റെ പരസ്യമാണ്‌ ടാഗോറിന്റെ ഏറ്റവും പ്രശസ്‌തമായത്‌. ശ്രീ ശ്രിത എന്ന സ്ഥാപനത്തിന്റെയും റേഡിയം ക്രീം എന്ന സൗന്ദര്യവര്‍ദ്ധക പദാര്‍ത്ഥത്തിന്റെ പരസ്യവും ടാഗോറിന്റെ സാന്നിധ്യം മൂലം ശ്രദ്ധേയമായിരുന്നു. നേപിയര്‍ പെയിന്റെ കടലാസ്‌ വ്യാപാരികളായ ഭോലനാഥ്‌ ദത്ത്‌ ആന്റ്‌ സണ്‍സ്‌, സ്വാര്‍കിന്‍സ്‌ ഹാര്‍മോണിയം എന്നിവയെല്ലാം ടാഗോറിനെ പരസ്യങ്ങളില്‍ ചിത്രീകരിച്ച അന്നത്തെ വന്‍കിട കമ്പനികളാണ്‌.
ടാഗോറിന്റെ കാലത്ത്‌ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരില്‍ മറ്റ്‌ പ്രധാനികള്‍ ആചാര്യ പ്രഫുല്ലചന്ദ്രറോയിയും സുബാഷ്‌ ചന്ദ്രബോസും ആയിരുന്നു.

പള്ളികളില്‍ നിന്നും പടിയിറങ്ങുന്നവര്‍



ക്രിസ്‌തീയ പള്ളികളുമായി ബന്ധപ്പെട്ട്‌ ഈ അടുത്തകാലത്ത്‌ ഉയര്‍ന്നുകേട്ട ലൈംഗികാരോപണങ്ങള്‍ നിരവധി ആശങ്കകള്‍ക്ക്‌ വഴിവെച്ചിരുന്നു. അതുപോലെ തന്നെ അമേരിക്കയില്‍ നിന്നും കേള്‍ക്കുന്ന ചില വാര്‍ത്തകളും പള്ളിയെ സംബന്ധിച്ച്‌ ശുഭകരമല്ല. ആരാധനയ്‌ക്കായി പള്ളിയില്‍ പോകുന്നവരുടെ എണ്ണം വന്‍തോതില്‍ കുറയുകയാണെന്നാണ്‌ അമേരിക്കയില്‍ നിന്നും തെളിയുന്നത്‌. 1970 കള്‍ മുതലാണ്‌ ഇത്തരം പ്രതിഭാസം അമേരിക്കയില്‍ കണ്ടുതുടങ്ങിയത്‌. പഠനങ്ങള്‍ അനുസരിച്ച്‌ വര്‍ഷത്തില്‍ 23-28 ദിവസങ്ങള്‍ മാത്രമേ അമേരിക്കക്കാരന്‍ പള്ളിയില്‍ പോകുന്നുള്ളൂ. സ്‌ത്രീകളിലാണ്‌ ഇത്‌ ഏറ്റവും കൂടുല്‍ ദൃശ്യമായിരിക്കുന്നത്‌.
ഷോഡല്‍ എന്ന സാമൂഹിക ശാസ്‌ത്രജ്ഞന്‍ 41000 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തില്‍, 1972 ല്‍ കത്തോലിക്കര്‍ പ്രൊട്ടസ്റ്റന്റുകാരേക്കാള്‍ കൂടുതല്‍ പള്ളിയില്‍ പോകുന്നവരായിരുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകളും. എന്നാല്‍ 2006 ആയപ്പോഴേയ്‌ക്കും ഈ കണക്കില്‍ അത്ഭുതകരമായ വിടവാണ്‌ ഉണ്ടായിട്ടുള്ളത്‌. 1972 ല്‍ പ്രൊട്ടസ്റ്റെന്റുകാരേക്കാള്‍ 18 ദിവസം കൂടുതല്‍ കത്തോലിക്കര്‍ പള്ളിയില്‍ പോയിരുന്നു. എന്നാല്‍ ഇന്ന്‌ അത്‌ കേവലം ആറ്‌ ദിവസമായി ചുരുങ്ങിയിരിക്കുന്നു.
ഇത്തരത്തിലൊരു മാറ്റത്തിന്‌ എന്താണ്‌ കാരണമെന്ന്‌ ഷോഡല്‍ തന്റെ പഠനത്തില്‍ വിവരിക്കുന്നില്ല. ന്യൂനപക്ഷ ജനസംഖ്യ വര്‍ദ്ധിച്ചതും സ്‌ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമായതുമാകാം കാരണമെന്നാണ്‌ വിലയിരുത്തല്‍. സ്‌ത്രീകള്‍ കൂടുതലായി തൊഴില്‍ മേഖലകളിലേക്ക്‌ കടന്നുചെന്ന കാലയളവാണ്‌ 1972-2006. വീടുകളില്‍ നിന്നും സ്‌ത്രീകളുടെ സാന്നിദ്ധ്യം കൂടുതലായി തൊഴിലിടങ്ങളിലേക്ക്‌ പറിച്ച്‌ നടപ്പെട്ടത്‌ ഒരു പ്രധാന കാരണമായി ഷോഡല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അപ്പോള്‍ പിന്നെ സ്‌ത്രീകള്‍ക്ക്‌ പള്ളിയില്‍ പോകാന്‍ എവിടെയാണ്‌ നേരം...

സൗദിയില്‍ മാറ്റത്തിന്റെ ചിന്ത



സ്‌ത്രീയും പുരുഷനും തമ്മിലുള്ള സാമൂഹിക ഇടപെടലുകളെ സംബന്ധിച്ച്‌ ആരോഗ്യകരമായ ചില സംവാദങ്ങള്‍ സൗദി അറേബ്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. അബ്‌ദുള്ള രാജാവാണ്‌ ഇതിന്‌ ചുക്കാന്‍ പിടിക്കുന്നതെന്നത്‌ ഏറെ പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ സെപ്‌തംബറില്‍, അബ്‌ദുള്ള രാജാവിന്റെ പേരില്‍ സ്ഥാപിതമായ ശാസ്‌ത്ര സാങ്കേതിക സര്‍വ്വകലാശാലയെ ചുറ്റിപ്പറ്റിയാണ്‌ ചര്‍ച്ചകള്‍ ചൂടുപിടിച്ച്‌ തുടങ്ങിയത്‌. വിദേശ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും സര്‍വ്വകലാശാലയിലേക്ക്‌ ആകര്‍ഷിക്കുന്നതിനായി, സൗദി അറേബ്യയുടെ നട്ടെല്ലായ മതാചാരങ്ങളെ വകവയ്‌ക്കാതെ, സ്‌ത്രീപുരുഷന്മാര്‍ ഒന്നിച്ചിരുന്ന്‌ പഠിക്കുന്ന സമ്പ്രദായം രാജാവ്‌ അവിടെ നടപ്പിലാക്കി. എന്നാല്‍ പാരമ്പര്യവാദികളെ ഇത്‌ ചൊടിപ്പിച്ചു. ഇസ്ലാമിക നിയമങ്ങളെ ബലികൊടുക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന്‌ അവര്‍ തറപ്പിച്ച്‌ പറഞ്ഞു. എന്നാല്‍ അബ്‌ദുള്ള രാജാവും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അതിനിടയിലാണ്‌ വിവാദത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചുകൊണ്ട്‌ മക്കയിലെ പുരോഹിതവര്‍ഗ്ഗത്തിന്റെ തലവനായ അഹമ്മദ്‌ അല്‍ മൗദി അബ്‌ദുള്ള രാജാവിന്‌ പിന്തുണയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.
ലോകത്തില്‍ സ്‌ത്രീപുരുഷന്മാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ വേര്‍തിരിവുള്ള രാജ്യമാണ്‌ സൗദി അറേബ്യ. ഓഫീസുകളിലും മറ്റും പ്രവേശിക്കാന്‍ സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ പ്രത്യേകം വാതിലുകളാണ്‌ അവിടെ ഉള്ളത്‌. സര്‍വ്വകലാശാലകളില്‍ പുരുഷ അദ്ധ്യാപകര്‍ പെണ്‍കുട്ടികള്‍ക്ക്‌ ക്ലാസ്‌ എടുക്കുന്നത്‌ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടെലിവിഷനിലൂടെ പ്രത്യേക മുറിയിലിരുന്നാണ്‌. കമ്പനികള്‍ സ്‌ത്രീകള്‍ക്കായി പ്രത്യേക തൊഴിലിടങ്ങള്‍ നിര്‍മ്മിക്കണമെന്ന നിബന്ധന സൗദിയിലുണ്ട്‌. പരസ്‌പരം കാണാതിരിക്കാനായി സ്‌ത്രീക്കും പുരുഷനും വെവ്വേറെ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട്‌ ഈ അടുത്തകാലത്താണ്‌ ജിദ്ദ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ തീരുമാനമെടുത്തത്‌. ഇത്തരം കര്‍ശന വ്യവസ്ഥകള്‍ക്കു മേലുള്ള രാജാവിന്റെ കടന്നുകയറ്റം പാരമ്പര്യവാദികളെ ഭ്രാന്ത്‌ പിടിപ്പിച്ചിരിക്കുകയാണ്‌. എന്നാല്‍ രാജാവിനെതിരെ വ്യക്തിപരമായ കുറ്റപ്പെടുത്തലുകളുമായി അവര്‍ മുന്നോട്ട്‌ വരാതെ മടിച്ച്‌ നില്‍ക്കുകയാണ്‌. സര്‍ക്കാരിന്റെ ഉലമ കൗണ്‍സിലിലെ യുവ പുരോഹിതനായ ഷെയിഖ്‌ സാദ്‌ അല്‍ ഷേത്രി സര്‍വ്വകലാശാലയ്‌ക്കെതിരെ ഒരു ചാനലിലൂടെ ശക്തമായ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന്‌ രാജാവ്‌ അയാളെ കൗണ്‍സിലില്‍ നിന്ന്‌ പുറത്താക്കുകയുണ്ടായി.
പൊതുസ്ഥലങ്ങളില്‍ സ്‌ത്രീപുരുഷ ഇടപെടലുകള്‍ നിയന്ത്രിക്കുന്നതിന്റെ പ്രധാന ചുമതലയുള്ള മക്കയിലെ പൗരോഹിത്യ പോലീസിലെ തലവനാണ്‌ രാജാവിന്‌ പിന്തുണയുമായി എത്തിയിരിക്കുന്ന ഗാംദി എന്നതാണ്‌ രസകരമായ മറ്റൊരു വസ്‌തുത. സ്‌ത്രീപുരുഷ ഇടപെടലുകള്‍ പ്രകൃതി നിയമമാണെന്നും മുഹമ്മദ്‌ നബിയുടെ കാലത്തും അത്‌ സര്‍വ്വസാധാരണമായിരുന്നെന്നുമുള്ള ഗാംദിയുടെ പ്രസ്‌താവനകള്‍ മറ്റ്‌ പുരോഹിതരെ വെറളിപിടിപ്പിച്ചിരിക്കുകയാണ്‌. സ്‌ത്രീപുരുഷ ഇടപെടലുകള്‍ അനുവദിക്കുന്നത്‌ വേശ്യാവൃത്തിക്ക്‌ കൂട്ടുനില്‍ക്കുന്നതിന്‌ തുല്യമാണെന്നാണ്‌ അവരുടെ വാദം. ഇതിനോടെല്ലാമുള്ള പൊതുജനപ്രതികരണങ്ങള്‍ സമ്മിശ്രമാണ്‌. സൗദിയില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നു എന്ന്‌ അഭിപ്രായമുയരുമ്പോള്‍ തന്നെ രാജ്യത്തിന്റെ ആത്മാവിനെ മുറിവേല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്ന പ്രതിഷേധവുമായി യുവജനങ്ങളും മുന്നോട്ട്‌ വന്നിട്ടുണ്ട്‌.

ലോകത്തിലെ മൃതപ്രായരായ അഞ്ച്‌ ഭാഷകള്‍



ആഗോളഗ്രാമത്തില്‍ ആശയവിനിമയത്തിന്‌ വളരെ കുറച്ച്‌ ഭാഷകളേ വേണ്ടൂ എന്ന ശീലത്തിന്റെ ഫലമായാണ്‌ ലോകത്താകമാനം നിരവധി ഭാഷകളും ഭാഷാഭേദങ്ങളും വേരറ്റുകൊണ്ടിരിക്കുന്നത്‌. പ്രാദേശിക ഭാഷാഭേദങ്ങളെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏതാണ്ട്‌ കൈവിട്ടുപോയ മട്ടാണ്‌. അത്തരം വിധിക്ക്‌ കീഴടങ്ങിക്കൊണ്ടിരിക്കുന്ന, ലോകത്തില്‍ ഏറ്റവും കുറച്ചാളുകള്‍ സംസാരിക്കുന്ന അഞ്ച്‌ ഭാഷകളെ കുറിച്ചാണ്‌ ഇനി പറയുന്നത്‌.
1. ടെര്‍സമി: ഇന്ന്‌ ഈ ഭാഷ അറിയാവുന്ന രണ്ടുപേരേ ലോകത്ത്‌ ജീവിച്ചിരിപ്പുള്ളൂ. ഇവര്‍ മരിക്കുന്നതോടെ ഈ ഭാഷയും അന്യം നില്‍ക്കും. റഷ്യയുടെ വടക്കുകിഴക്കന്‍ മേഖലയിലുള്ള കൊലവെനിന്‍സുല എന്ന പ്രദേശത്താണ്‌ ഈ ഭാഷ പ്രയോഗത്തിലിരിക്കുന്നത്‌. റഷ്യന്‍ ഭാഷയില്‍ നിന്നും രൂപം കൊണ്ട ഒരു ഭാഷാഭേദമാണ്‌ ടെര്‍സമി.
2. കയാര്‍ദില്‍ദ്‌ : പത്തുപേരാണ്‌ ഈ ഭാഷ സംസാരിക്കുന്നവരായി ഇപ്പോഴുള്ളത്‌. ഓസ്‌ട്രേലിയ, ബെന്റിക്‌ ദ്വീപ്‌, അതിനുചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഈ ഭാഷ പ്രചാരത്തിലുള്ളത്‌. ഇതിന്റെ അന്ത്യവും വളരെ അടുത്തുകഴിഞ്ഞിരിക്കുന്നു.
3. ഉമെസമി: ഏകദേശം പത്ത്‌ പേര്‍ ഈ ഭാഷ സംസാരിക്കുന്നവരായി ജീവിച്ചിരിപ്പുണ്ട്‌. ഉമെ നദീതടം, സ്വീഡണ്‍ എന്നിവിടങ്ങളിലാണ്‌ ഈ ഭാഷ ഉപയോഗിക്കുന്നത്‌. ഏതായാലും ഉമെസമി ഭാഷയുടെ നാശവും വിദൂരമല്ല.
4. വിറ്റെസമി: ഏകദേശം ഇരുപതുപേര്‍ വിറ്റെസമി അറിയാവുന്നവരായി ഇന്ന്‌ ലോകത്തുണ്ട്‌. സ്വീഡനും നോര്‍വ്വേയ്‌ക്കും ഇടയിലുള്ള പ്രദേശത്താണ്‌ ഇത്‌ ഉപയോഗത്തിലുള്ളത്‌. സമിയുടെ നാല്‌ ഭാഷാഭേദങ്ങളില്‍ ഒന്നാണ്‌ വിറ്റെസമി. ഈ ഭാഷയ്‌ക്ക്‌ ഔദ്യോഗിക ലിപിയില്ല.
5. വോട്ടിക്‌ : വോട്ടിക്‌ ഭാഷ അറിയുന്നവരായി 20 പേരേ ലോകത്തുള്ളൂ. റഷ്യയിലാണ്‌ ഇത്‌ പ്രയോഗത്തിലുള്ളത്‌. പ്രത്യേകിച്ച്‌ ഇങ്‌റിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത്‌. വോട്ട്‌സ്‌ എന്ന ഒരു പ്രാദേശിക ജനസമൂഹമാണ്‌ ഈ ഭാഷ സംസാരിക്കുന്നത്‌.
സമിജനതയുടെ ഉരാലി ഭാഷാ സമൂഹത്തെ പൊതുവെ പറയുന്ന പേരാണ്‌ സമി. നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്റ്‌, റഷ്യ എന്നിവിടങ്ങളിലാണ്‌ ഇവര്‍ ജീവിക്കുന്നത്‌.

സൈ്വരം കെടുത്തുന്ന വിവരാവകാശനിയമം



അജയ്‌ കുമാര്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം ഡല്‍ഹിയിലെ കോര്‍പ്പറേഷനില്‍ ഒരു അപേക്ഷ നല്‍കി. സര്‍ക്കാര്‍ ഭൂമിയില്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ ഔചിത്യത്തെകുറിച്ചായിരുന്നു അജയ്‌ കുമാറിന്‌ അറിയേണ്ടിയിരുന്നത്‌. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും പ്രതികരണം കാണാതായപ്പോള്‍, കോര്‍പ്പറേഷനിലെ ഉന്നത വിവരാവകാശ ഓഫീസുമായി ബന്ധപ്പെട്ടു, അതും ഫലം ഇല്ലാതായപ്പോഴാണ്‌ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മുഖേന അതുസംബന്ധിച്ച്‌ പോലീസ്‌ അന്വേഷണത്തിനുള്ള അനുമതി അജയ്‌ നേടിയെടുത്തത്‌. ഇതിനെ തുടര്‍ന്ന്‌ ആ രാഷ്‌ട്രീയ പ്രവര്‍ത്തകന്റെ ഗുണ്ടകള്‍ പോലീസും ജനങ്ങളും നോക്കിനില്‍ക്കെയാണ്‌ കയ്യും കണക്കുമില്ലാതെ അജയ്‌ കുമാറിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയത്‌.
2005 ല്‍ ആര്‍ ടി ഐ (rights of informartion act) പാസാക്കിയതു മുതല്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ വന്‍സാധ്യതകളാണ്‌ തുറന്നുകിട്ടിയത്‌. 60 വര്‍ഷത്തെ ഇന്ത്യന്‍ ഭരണക്രമത്തിലെ ഉദ്യോഗസ്ഥരുടെ ഏകാധിപത്യപ്രവണതകള്‍ക്ക്‌ ഏറെക്കുറെ ഇതോടെ അന്ത്യമായി. എന്നാല്‍ വിവരാവകാശ നിയമം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത്‌ ആശങ്ക ജനിപ്പിക്കുന്നതാണ്‌. കഴിഞ്ഞ രണ്ട്‌ മാസത്തിനിടയില്‍ പ്രമുഖരായ രണ്ട്‌ വിവരാവകാശ സാമൂഹികപ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. നിരവധി സാമൂഹികപ്രവര്‍ത്തകര്‍ക്ക്‌ അവരുടെ അന്വേഷണങ്ങളുടെ പേരില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നു. പലരും ഓരോ നിമിഷവും ഭീതിയുടെ നിഴലിലാണ്‌.
`ആര്‍ ടി ഐ ആക്‌ട്‌ ഭരണവര്‍ഗ്ഗത്തെ നിരന്തരം അലോസരപ്പെടുത്തുന്നു. സുപ്രീം കോടതി വക്കീല്‍ കോളിന്‍ ഗേണ്‍സല്‍ വസ്‌ തുടരുന്നു. അതിലൂടെ ജനങ്ങള്‍ക്ക്‌ ഭരണക്രമത്തെ ചോദ്യം ചെയ്യാന്‍കഴിയുന്നു; ജനങ്ങളുടെ ഓരോ ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണ്‌. അതുകൊണ്ടുതന്നെ വിവരാവകാശ നിയമത്തിനായി എത്തുന്നവരെ ഏതുവിധേനയും ഒതുക്കേണ്ടത്‌ ആവശ്യമായിവരുന്നു. ശാരീരികാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണം അതാണ്‌.'
പ്രാദേശിക ക്ഷേമ പദ്ധതികള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന ബീഹാറിലെ ശശിധര്‍ മിശ്ര എന്ന സാമൂഹിക പ്രവര്‍ത്തകനെ മോട്ടോര്‍സൈക്കിളില്‍ എത്തിയ അപരിചിതന്‍ വീടിന്റെ മുന്നില്‍ വെച്ചാണ്‌ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌. അതിന്‌ രണ്ട്‌ മാസം മുമ്പാണ്‌ പുണെയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ സതീഷ്‌ ഷെട്ടി രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അക്രമികളാല്‍ കൊല്ലപ്പെട്ടത്‌. പൂനെയിലെ ഭൂമി കുംഭകോണ കേസുകളില്‍ സജീവമായി ഇടപെട്ടുവരുന്ന ഷെട്ടിയുടെ ജീവന്‌ നേരത്തേ തന്നെ ഭീഷണി ഉണ്ടായിരുന്നു.
`അധികാരമുള്ളവന്റെ വിചാരം ഇവിടെ നിയമങ്ങള്‍ ഇല്ലെന്നാണ്‌.' കേന്ദ്രവിവരാവകാശ കമ്മീഷന്‍ അംഗം ശൈലേഷ്‌ ഗാന്ധി തുറന്നടിക്കുന്നു. ഇത്തരം തല്‍പരകക്ഷികളാണ്‌ ഇപ്പോള്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന്‌ ആവശ്യപ്പെടുന്നത്‌. വിവരാവകാശ നിയമത്തിനുമേല്‍ നടത്തുന്ന ഏതൊരു ഭേഗഗതിയും ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.
കഴിഞ്ഞ ജൂലൈയില്‍ നടത്തിയ, സര്‍വ്വേ അനുസരിച്ച്‌ 400000 അപേക്ഷകളാണ്‌ ഗ്രാമീണമേഖലയില്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചത്‌. നഗരങ്ങളില്‍ ഇത്‌ 100,60,000 ആണ്‌. ആവശ്യപ്പെട്ട വിവരം ലഭ്യമാക്കാത്തതിനെതുടര്‍ന്ന്‌ 120 പ്രാദേശിക വിവരാവകാശ ഓഫീസര്‍മാര്‍ പിഴ ശിക്ഷയ്‌ക്ക്‌ വിധേയമായിട്ടുണ്ട്‌.

ഒരു സോവിയറ്റ്‌ സംഗീതജ്ഞന്റെ പുനര്‍ജന്മം




അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്‌ ഒബാമയില്‍ നിന്നും ഓണ്‍ലൈന്‍ ജനപ്രിയ റെക്കോര്‍ഡ്‌ തട്ടിയെടുത്ത്‌ അത്ഭുതം സൃഷ്‌ടിച്ചിരിക്കുകയാണ്‌ ഒരു പഴയകാല സോവിയറ്റ്‌ സംഗീതജ്ഞന്‍. മിസ്റ്റര്‍ ട്രൊലോലോ എന്നറിയപ്പെടുന്ന എഡ്വേര്‍ഡ്‌ ഗില്‍ ആണ്‌ 40 വര്‍ഷം മുമ്പുള്ള തന്റെ സംഗീത ആല്‍ബവുമായി ഓണ്‍ലൈനില്‍ മുന്നേറ്റം തുടരുന്നത്‌. താന്‍ ഇത്രയും പ്രശസ്‌തനായ വിവരം പേരക്കുട്ടി പറഞ്ഞ്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ മാത്രമാണ്‌ എഡ്വേര്‍ഡ്‌ അറിഞ്ഞത്‌. വീട്ടിലേക്ക്‌ തിരിച്ചെത്താനായതില്‍ ഞാനെറെ സന്തോഷിക്കുന്നു എന്ന എഡ്വേഡിന്റെ ഗാനം യൂടൂബില്‍ 20 ലക്ഷം പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. സംഗീതവുമായി ലോകപര്യടനത്തിനിറങ്ങണമെന്ന ആവശ്യവും ആരാധകര്‍ മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌. ഓസ്‌കാര്‍ അവാര്‍ഡ്‌ ജേതാവ്‌ ക്രിസ്റ്റഫ്‌ വാള്‍ട്ട്‌സ്‌ എഡ്വേഡിന്റെ അംമ്പാസിഡറായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. എഡ്വേഡിന്റെ ചിത്രം ആലേഖനംചെയ്‌ത പേന, കപ്പുകള്‍, ടീഷര്‍ട്ടുകള്‍ എന്നിവയ്‌ക്ക്‌ ബ്രിട്ടീഷ്‌ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ നിരവധി ആവശ്യക്കാരാണ്‌ എത്തുന്നത്‌.
ഇതെല്ലാം കേട്ട്‌ അമ്പരന്നിരിക്കുകയാണ്‌ എഡ്വേഡ്‌ ഇപ്പോള്‍. അമേരിക്കയില്‍ തനിക്ക്‌ ഇത്രയേറെ ആരാധകരുണ്ടെന്ന്‌ ഇനിയും ഈ വൃദ്ധനായ സോവിയറ്റ്‌ സംഗീതജ്ഞന്‌ വിശ്വസിക്കാനാവുന്നില്ല.

പ്രാദേശികവാദവുമായി കോണ്‍ഗ്രസ്‌



മഹാരാഷ്‌ട്രയില്‍ ഇനി പ്രാദേശികവാദം പറഞ്ഞില്ലെങ്കില്‍ പിടിച്ച്‌ നില്‍ക്കാനാവില്ല എന്ന തോന്നലാണ്‌, കോണ്‍ഗ്രസിനെ നിലപാട്‌ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്‌. മറാത്തി സംസാരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ മാത്രമേ ടാക്‌സി പെര്‍മിറ്റ്‌ നല്‍കേണ്ടതുള്ളൂ എന്ന കര്‍ശനനിര്‍ദ്ദേശം ചവാന്റെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു. കൂടാതെ 15 വര്‍ഷത്തില്‍ കുറയാതെ മഹാരാഷ്‌ട്രയില്‍ താമസിച്ചവര്‍ക്ക്‌ മാത്രമേ പെര്‍മിറ്റ്‌ അനുവദിക്കേണ്ടതുള്ളൂ എന്നാണ്‌ തീരുമാനം. 2012 ലെ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള നയപരിപാടികളുടെ ആരംഭമാണിതെന്നത്‌ വ്യക്തമാണ്‌.
മഹാരാഷ്‌ട്രയിലെ മധ്യവര്‍ഗ്ഗത്തിനും, യുവാക്കള്‍ക്കും താക്കറെയുടെ നവനിര്‍മാണ്‍ സേനയോടുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 സീറ്റ്‌ അവര്‍ പിടിച്ചെടുത്തത്‌. ഇനിയും താക്കറെയുടെ നയങ്ങള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ നിലനില്‍പ്‌ അവതാളത്തിലാകുമെന്നാണ്‌ കോണ്‍ഗ്രസിന്റെ അങ്കലാപ്പ്‌. അതിന്റെ ഭാഗമാണ്‌ ഈ പുതിയ തീരുമാനം. കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വവും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരേ നിലപാടിലാണ്‌. സംസ്ഥാന മോട്ടോര്‍ വാഹനനിയമത്തിന്റെ പരിധിയില്‍ ഡ്രൈവര്‍മാര്‍ മറാത്തിഭാഷ സംസാരിക്കണമെന്ന വകുപ്പുണ്ടെന്നാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിങ്‌വി പ്രസ്‌താവിച്ചത്‌.
56000 ത്തോളം വരുന്ന സംസ്ഥാനത്തെ ടാക്‌സി ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യയില്‍ നിന്ന്‌ കുടിയേറിയവരാണ്‌. സര്‍ക്കാരിന്റെ പ്രാദേശികസങ്കുചിത വോട്ട്‌ ബാങ്ക്‌ നയങ്ങള്‍ ഇവരുടെ ജീവിതത്തെയാവും വെള്ളത്തിലാക്കുക.