സൈ്വരം കെടുത്തുന്ന വിവരാവകാശനിയമം



അജയ്‌ കുമാര്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ വിവരാവകാശ നിയമപ്രകാരം ഡല്‍ഹിയിലെ കോര്‍പ്പറേഷനില്‍ ഒരു അപേക്ഷ നല്‍കി. സര്‍ക്കാര്‍ ഭൂമിയില്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ ഔചിത്യത്തെകുറിച്ചായിരുന്നു അജയ്‌ കുമാറിന്‌ അറിയേണ്ടിയിരുന്നത്‌. മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും പ്രതികരണം കാണാതായപ്പോള്‍, കോര്‍പ്പറേഷനിലെ ഉന്നത വിവരാവകാശ ഓഫീസുമായി ബന്ധപ്പെട്ടു, അതും ഫലം ഇല്ലാതായപ്പോഴാണ്‌ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മുഖേന അതുസംബന്ധിച്ച്‌ പോലീസ്‌ അന്വേഷണത്തിനുള്ള അനുമതി അജയ്‌ നേടിയെടുത്തത്‌. ഇതിനെ തുടര്‍ന്ന്‌ ആ രാഷ്‌ട്രീയ പ്രവര്‍ത്തകന്റെ ഗുണ്ടകള്‍ പോലീസും ജനങ്ങളും നോക്കിനില്‍ക്കെയാണ്‌ കയ്യും കണക്കുമില്ലാതെ അജയ്‌ കുമാറിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയത്‌.
2005 ല്‍ ആര്‍ ടി ഐ (rights of informartion act) പാസാക്കിയതു മുതല്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ വന്‍സാധ്യതകളാണ്‌ തുറന്നുകിട്ടിയത്‌. 60 വര്‍ഷത്തെ ഇന്ത്യന്‍ ഭരണക്രമത്തിലെ ഉദ്യോഗസ്ഥരുടെ ഏകാധിപത്യപ്രവണതകള്‍ക്ക്‌ ഏറെക്കുറെ ഇതോടെ അന്ത്യമായി. എന്നാല്‍ വിവരാവകാശ നിയമം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത്‌ ആശങ്ക ജനിപ്പിക്കുന്നതാണ്‌. കഴിഞ്ഞ രണ്ട്‌ മാസത്തിനിടയില്‍ പ്രമുഖരായ രണ്ട്‌ വിവരാവകാശ സാമൂഹികപ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. നിരവധി സാമൂഹികപ്രവര്‍ത്തകര്‍ക്ക്‌ അവരുടെ അന്വേഷണങ്ങളുടെ പേരില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നു. പലരും ഓരോ നിമിഷവും ഭീതിയുടെ നിഴലിലാണ്‌.
`ആര്‍ ടി ഐ ആക്‌ട്‌ ഭരണവര്‍ഗ്ഗത്തെ നിരന്തരം അലോസരപ്പെടുത്തുന്നു. സുപ്രീം കോടതി വക്കീല്‍ കോളിന്‍ ഗേണ്‍സല്‍ വസ്‌ തുടരുന്നു. അതിലൂടെ ജനങ്ങള്‍ക്ക്‌ ഭരണക്രമത്തെ ചോദ്യം ചെയ്യാന്‍കഴിയുന്നു; ജനങ്ങളുടെ ഓരോ ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണ്‌. അതുകൊണ്ടുതന്നെ വിവരാവകാശ നിയമത്തിനായി എത്തുന്നവരെ ഏതുവിധേനയും ഒതുക്കേണ്ടത്‌ ആവശ്യമായിവരുന്നു. ശാരീരികാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണം അതാണ്‌.'
പ്രാദേശിക ക്ഷേമ പദ്ധതികള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന ബീഹാറിലെ ശശിധര്‍ മിശ്ര എന്ന സാമൂഹിക പ്രവര്‍ത്തകനെ മോട്ടോര്‍സൈക്കിളില്‍ എത്തിയ അപരിചിതന്‍ വീടിന്റെ മുന്നില്‍ വെച്ചാണ്‌ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌. അതിന്‌ രണ്ട്‌ മാസം മുമ്പാണ്‌ പുണെയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ സതീഷ്‌ ഷെട്ടി രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അക്രമികളാല്‍ കൊല്ലപ്പെട്ടത്‌. പൂനെയിലെ ഭൂമി കുംഭകോണ കേസുകളില്‍ സജീവമായി ഇടപെട്ടുവരുന്ന ഷെട്ടിയുടെ ജീവന്‌ നേരത്തേ തന്നെ ഭീഷണി ഉണ്ടായിരുന്നു.
`അധികാരമുള്ളവന്റെ വിചാരം ഇവിടെ നിയമങ്ങള്‍ ഇല്ലെന്നാണ്‌.' കേന്ദ്രവിവരാവകാശ കമ്മീഷന്‍ അംഗം ശൈലേഷ്‌ ഗാന്ധി തുറന്നടിക്കുന്നു. ഇത്തരം തല്‍പരകക്ഷികളാണ്‌ ഇപ്പോള്‍ നിയമത്തില്‍ ഭേദഗതി വേണമെന്ന്‌ ആവശ്യപ്പെടുന്നത്‌. വിവരാവകാശ നിയമത്തിനുമേല്‍ നടത്തുന്ന ഏതൊരു ഭേഗഗതിയും ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.
കഴിഞ്ഞ ജൂലൈയില്‍ നടത്തിയ, സര്‍വ്വേ അനുസരിച്ച്‌ 400000 അപേക്ഷകളാണ്‌ ഗ്രാമീണമേഖലയില്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചത്‌. നഗരങ്ങളില്‍ ഇത്‌ 100,60,000 ആണ്‌. ആവശ്യപ്പെട്ട വിവരം ലഭ്യമാക്കാത്തതിനെതുടര്‍ന്ന്‌ 120 പ്രാദേശിക വിവരാവകാശ ഓഫീസര്‍മാര്‍ പിഴ ശിക്ഷയ്‌ക്ക്‌ വിധേയമായിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ