ലോകത്തിലെ മൃതപ്രായരായ അഞ്ച്‌ ഭാഷകള്‍



ആഗോളഗ്രാമത്തില്‍ ആശയവിനിമയത്തിന്‌ വളരെ കുറച്ച്‌ ഭാഷകളേ വേണ്ടൂ എന്ന ശീലത്തിന്റെ ഫലമായാണ്‌ ലോകത്താകമാനം നിരവധി ഭാഷകളും ഭാഷാഭേദങ്ങളും വേരറ്റുകൊണ്ടിരിക്കുന്നത്‌. പ്രാദേശിക ഭാഷാഭേദങ്ങളെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏതാണ്ട്‌ കൈവിട്ടുപോയ മട്ടാണ്‌. അത്തരം വിധിക്ക്‌ കീഴടങ്ങിക്കൊണ്ടിരിക്കുന്ന, ലോകത്തില്‍ ഏറ്റവും കുറച്ചാളുകള്‍ സംസാരിക്കുന്ന അഞ്ച്‌ ഭാഷകളെ കുറിച്ചാണ്‌ ഇനി പറയുന്നത്‌.
1. ടെര്‍സമി: ഇന്ന്‌ ഈ ഭാഷ അറിയാവുന്ന രണ്ടുപേരേ ലോകത്ത്‌ ജീവിച്ചിരിപ്പുള്ളൂ. ഇവര്‍ മരിക്കുന്നതോടെ ഈ ഭാഷയും അന്യം നില്‍ക്കും. റഷ്യയുടെ വടക്കുകിഴക്കന്‍ മേഖലയിലുള്ള കൊലവെനിന്‍സുല എന്ന പ്രദേശത്താണ്‌ ഈ ഭാഷ പ്രയോഗത്തിലിരിക്കുന്നത്‌. റഷ്യന്‍ ഭാഷയില്‍ നിന്നും രൂപം കൊണ്ട ഒരു ഭാഷാഭേദമാണ്‌ ടെര്‍സമി.
2. കയാര്‍ദില്‍ദ്‌ : പത്തുപേരാണ്‌ ഈ ഭാഷ സംസാരിക്കുന്നവരായി ഇപ്പോഴുള്ളത്‌. ഓസ്‌ട്രേലിയ, ബെന്റിക്‌ ദ്വീപ്‌, അതിനുചുറ്റുമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ഈ ഭാഷ പ്രചാരത്തിലുള്ളത്‌. ഇതിന്റെ അന്ത്യവും വളരെ അടുത്തുകഴിഞ്ഞിരിക്കുന്നു.
3. ഉമെസമി: ഏകദേശം പത്ത്‌ പേര്‍ ഈ ഭാഷ സംസാരിക്കുന്നവരായി ജീവിച്ചിരിപ്പുണ്ട്‌. ഉമെ നദീതടം, സ്വീഡണ്‍ എന്നിവിടങ്ങളിലാണ്‌ ഈ ഭാഷ ഉപയോഗിക്കുന്നത്‌. ഏതായാലും ഉമെസമി ഭാഷയുടെ നാശവും വിദൂരമല്ല.
4. വിറ്റെസമി: ഏകദേശം ഇരുപതുപേര്‍ വിറ്റെസമി അറിയാവുന്നവരായി ഇന്ന്‌ ലോകത്തുണ്ട്‌. സ്വീഡനും നോര്‍വ്വേയ്‌ക്കും ഇടയിലുള്ള പ്രദേശത്താണ്‌ ഇത്‌ ഉപയോഗത്തിലുള്ളത്‌. സമിയുടെ നാല്‌ ഭാഷാഭേദങ്ങളില്‍ ഒന്നാണ്‌ വിറ്റെസമി. ഈ ഭാഷയ്‌ക്ക്‌ ഔദ്യോഗിക ലിപിയില്ല.
5. വോട്ടിക്‌ : വോട്ടിക്‌ ഭാഷ അറിയുന്നവരായി 20 പേരേ ലോകത്തുള്ളൂ. റഷ്യയിലാണ്‌ ഇത്‌ പ്രയോഗത്തിലുള്ളത്‌. പ്രത്യേകിച്ച്‌ ഇങ്‌റിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത്‌. വോട്ട്‌സ്‌ എന്ന ഒരു പ്രാദേശിക ജനസമൂഹമാണ്‌ ഈ ഭാഷ സംസാരിക്കുന്നത്‌.
സമിജനതയുടെ ഉരാലി ഭാഷാ സമൂഹത്തെ പൊതുവെ പറയുന്ന പേരാണ്‌ സമി. നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്റ്‌, റഷ്യ എന്നിവിടങ്ങളിലാണ്‌ ഇവര്‍ ജീവിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ