ഭൂട്ടാസിങ്ങിണ്റ്റെ പൊട്ടിത്തെറിക്കു പിന്നില്‍


രാജ്യത്തെ ദളിതണ്റ്റെ നാവാണെന്ന്‌ അവകാശവാദമുയര്‍ത്തുന്ന ഒറീസ്സയിലെ നവീന്‍ പട്നായിക്ക്‌ നയിക്കുന്ന ബിജെഡി സര്‍ക്കാരിണ്റ്റെ മുഖം മൂടി വലിച്ച്‌ കീറുന്നതായിരുന്നു കഴിഞ്ഞ ദിവസം ഭൂട്ടാസിങ്ങ്‌ ഭുവനേശ്വറില്‍ വിളിച്ച്‌ ചേര്‍ത്ത പത്രസമ്മേളനം. പട്നായിക്ക്‌ സര്‍ക്കാരിണ്റ്റെ പൊള്ളത്തരങ്ങള്‍ക്കെതിരെയാണ്‌ ദേശീയ പട്ടികജാതി കമ്മീഷണ്റ്റെ ചെയര്‍മാനായ ഭൂട്ടാസിങ്ങ്‌ കണക്കുകള്‍ നിരത്തി പൊട്ടിത്തെറിച്ചത്‌. പട്ടികജാതിക്ഷേമത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന അടിസ്ഥാന ക്ഷേമപ്രവര്‍ത്തനങ്ങള്‍ പോലും നേരെ ചൊവ്വേ നടപ്പാക്കാന്‍ ഒറീസ്സയ്ക്കായിട്ടില്ല. സംവരണം ചെയ്യപ്പെട്ടിരിക്കുന്ന ഉദ്യോഗങ്ങളില്‍ നിയമനം നടത്തുന്നതിലും, വകയിരുത്തിയിരിക്കുന്ന ഫണ്ടുകള്‍ നേരാംവണ്ണം ഉപയോഗപ്പെടുത്തുന്നതിലും പട്നായിക്‌ ഗവണ്‍മെണ്റ്റ്‌ വാന്‍ പരാജയമാണെന്നാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. രാജ്യത്തെ ദളിതരെ സംബന്ധിക്കുന്ന സ്ഥിതിവിവരകണക്കുകള്‍ തയ്യാറാക്കുന്നതിലേക്കായി, സംസ്ഥാനത്തെ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട്‌ ൨൦൦൭ മുതല്‍ കമ്മീഷന്‍ ഒറീസ്സ സര്‍ക്കാരുമായി ബന്ധപ്പെട്ടു വരികയാണ്‌. എന്നാല്‍ തീര്‍ത്തും അവഗണനാപരമായ സമീപനമായിരുന്നു സര്‍ക്കാരിണ്റ്റെ ഭാഗത്തു നിന്നുമുണ്ടായത്‌. കേന്ദ്ര നിര്‍ദ്ദേശവും സുപ്രീം കോടതി വിധിയും നിലവിലുണ്ടെന്നിരിക്കെ ഒഴിവ്‌ വന്ന ഉദ്യോഗങ്ങളിലേക്ക്‌ പട്ടികജാതിക്കാരെ നിയമിക്കുവാന്‍ പോലും ഒറീസ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ൧൯൭൫ ല്‍ സംവരണ നിയമം ആദ്യമായി പാസ്സാക്കിയത്‌ ഒറീസ്സാ സര്‍ക്കാരാണെങ്കിലും ഇപ്പോള്‍ അതിന്‌ കടകവിരുദ്ധമായ സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ദളിതണ്റ്റെ സര്‍ക്കാര്‍ ഭരണത്തിലേറിയാല്‍പ്പോലും അവന്‌ ദ്രോഹമല്ലാതെ മറ്റൊരു പ്രയോജനവുമില്ലെന്നാണ്‌ ഉത്തര്‍പ്രദേശിലെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌. പട്ടികജാതി വികസനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ പോലും യാതൊരു ഉളുപ്പുമില്ലാതെ കയ്യിട്ട്‌ വാരുകയാണ്‌ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ദളിത്‌ മുന്നേറ്റ കക്ഷികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ കാര്യത്തില്‍ പോലും ഒരു രക്ഷയുമില്ലെന്ന്‌ വന്നിരിക്കുകയാണ്‌. ദളിത്‌ രാഷ്ട്രീയ കക്ഷിയായ ബി എസ്‌ പി യുടെ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനെതിരെ കഴിഞ്ഞ ജൂലൈയില്‍ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‌ പൊട്ടിത്തെറിക്കേണ്ടിവന്നതും ഇതോടൊപ്പം ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. സംസ്ഥാനത്തെ ദളിതരെ സംബന്ധിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ കൈമാറുന്നതില്‍ കാണിച്ച അലംഭാവമാണ്‌ കമ്മീഷനെ പ്രകോപിപ്പിച്ചത്‌. രാജ്യത്ത്‌ ദളിതര്‍ക്കെതിരായ ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഉത്തര്‍പ്രദേശിന്‌ ഒന്നാം സ്ഥാനമാണെന്നാണ്‌ ഭൂട്ടാസിങ്ങ്‌ അന്ന്‌ പ്രസ്താവിച്ചത്‌. ഒരു ദളിത്‌ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്താണിതെന്ന്‌ ഓര്‍ക്കണം. ആയിടയ്ക്ക്‌ തന്നെ ആയിരുന്നല്ലോ കോണ്‍ഗ്രസ്‌ നേതാവ്‌ റീത്ത ജോഷി ബഹുഗുണ ഒരു ദളിത്‌ സ്ത്രീയായ തന്നെ അധിക്ഷേപിച്ചു എന്നു പറഞ്ഞ്‌ മായാവതി പ്രതിഷേധവുമായി രംഗത്തു വന്നത്‌. അപ്പോള്‍ സ്വന്തം കാര്യം വരുമ്പോഴേ ഉള്ളൂ ഈ അവകാശ സംരക്ഷണമെല്ലാം. ഒഴിവുകള്‍ വന്നില്ലെങ്കില്‍ പോലും അവസരങ്ങള്‍ സൃഷ്ടിച്ച്‌ ഉദ്യോഗങ്ങളില്‍ ദളിതരുടെ നിയമനം നടത്തണമെന്നതാണ്‌ സുപ്രീംകോടതി നിര്‍ദ്ദേശം. എന്നാല്‍ ഇതൊന്നും പാലിക്കാന്‍ തയ്യാറാകാതെ, ഒഴിവു വരുന്ന സീറ്റുകളിലേക്ക്‌ തന്നിഷ്ടപ്രകാരം നിയമനം നടത്തുകയാണ്‌ ഒറീസ്സാ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്‌. അങ്ങനെ ഉന്നത നീതി ന്യായപീഠത്തെ പുച്ഛിക്കുകയാണ്‌ ഫലത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്‌. ഒറീസ്സാ സംസ്ഥാനത്തില്‍ മൊത്തം ജനസംഖ്യയുടെ ൧൬.൩൫ ശതമാനം പേരും ദളിതരാണ്‌. എന്നാല്‍ ആനുപാതിക വ്യവസ്ഥകളെല്ലാം തകിടം മറിച്ച്‌ കേവലം ൧൫ ശതമാനം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മാത്രം സംവരണം ഏര്‍പ്പെടുത്തി കേന്ദ്രനിര്‍ദ്ദേശത്തേയും ഭരണഘടനയേയും ലംഘിക്കുകയാണ്‌ ഒറീസ്സാ സര്‍ക്കാര്‍. ഒറീസ്സയില്‍ ദളിതര്‍ക്കെതിരായി വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളുടെ അവിശ്വസനീയമായ കണക്കുകളാണ്‌ ഭൂട്ടാസിങ്ങ്‌ പുറത്തുവിട്ടത്‌. ൨൦൦൬ -൦൭ ല്‍ മാത്രം ൬,൩൮൯ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ ഇതില്‍ ൬,൫൫൫ കേസുകളും തീര്‍പ്പാകാതെ കെട്ടിക്കിടക്കുകയാണ്‌. അതില്‍ തന്നെ ൧൦൦ കേസുകള്‍ തീര്‍പ്പാക്കിയതാകട്ടെ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയും. ദളിത്‌ വിദ്യാഭ്യാസത്തിണ്റ്റെ കാര്യത്തിലും അമ്പരപ്പിക്കുന്ന കണക്കുകളാണ്‌ പുറത്തു വന്നിരിക്കുന്നത്‌. സംസ്ഥാനത്ത്‌ അഞ്ചാം ക്ളാസ്സിലെത്തുമ്പോഴേക്കും കൊഴിഞ്ഞ്‌ പോകുന്ന ദളിത്‌ വിദ്യാര്‍ത്ഥികളുടെ ശതമാനം ൮൫ ആണ്‌. അതായത്‌, പിന്നീടുള്ള പതിനഞ്ച്‌ ശതമാനം വിദ്യാര്‍ത്ഥികളേ സ്കൂളിണ്റ്റെ ആറാം ക്ളാസ്സുമുതലുള്ള പടികാണുന്നുള്ളു. എന്നാല്‍ അത്രയും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസൌകര്യങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ വാന്‍ പരാജയമാണ്‌. വിവിധ പദ്ധതികളില്‍പെടുത്തി പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍ നേരാംവണ്ണം ഉപയോഗപ്പെടുത്താന്‍ നവീന്‍ പട്നായിക്കിണ്റ്റെ സര്‍ക്കാരിന്‌ സാധിച്ചിട്ടില്ല. പോരാത്തതിന്‌ മറ്റു പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ദളിതര്‍ക്കായി വകയിരുത്തിയിരിക്കുന്ന തുക ഒരു നേരത്തെ ആഹാരം ഉറപ്പുവരുത്തുവാന്‍ പോലുമാവാത്തത്ര തുച്ഛമാണ്‌. ദളിതര്‍ക്കെതിരായ അതിക്രമം സംസ്ഥാനത്ത്‌ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചാണ്‌ ശ്രദ്ധേയമായ മറ്റൊരു നിരീക്ഷണം കമ്മീഷന്‍ നടത്തിയത്‌. ഒറീസ്സയിലെ ബാര്‍ഗ്രാ ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായ പൈകമാല്‍ എന്ന ദളിത്‌ പെണ്‍കുട്ടിയെ പരാമര്‍ശിച്ച്‌ കൊണ്ടാണ്‌ ഭൂട്ടാസിങ്ങ്‌ തുറന്നടിച്ചത്‌. സംഭവം നടന്ന്‌ മാസങ്ങളായിട്ടും ദളിത്‌ പെണ്‍കുട്ടിക്ക്‌ നീതി ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട ഒറീസ്സാ സര്‍ക്കാര്‍ പിന്നെ എന്ത്‌ ദളിത്‌ ക്ഷേമമാണ്‌ നടത്തുന്നതെന്നാണ്‌ ഭൂട്ടാസിങ്ങ്‌ ചോദിച്ചത്‌. ചില ബിജെഡി നേതാക്കള്‍ക്ക്‌ കുറ്റവാളികളുമായുള്ള വഴിവിട്ട ബന്ധമാണ്‌ സര്‍ക്കാരിനെ മൌനം ഭജിക്കുവാന്‍ പ്രേരിപ്പിക്കുന്നതെന്നാണ്‌ കമ്മീഷന്‍ മുമ്പാകെയുള്ള പെണ്‍കുട്ടിയുടെ മൊഴി. കമ്മീഷന്‍ സംസ്ഥാനത്ത്‌ കാലുകുത്തിയപ്പോള്‍ മാത്രം കഴിഞ്ഞ കുറേ മാസങ്ങളായി ആവശ്യപ്പെട്ടിരുന്ന ദളിതരെ സംബന്ധിച്ച രേഖകള്‍ എത്തിച്ച്‌ കൊടുക്കുകയും, അവ്യക്തമായ രീതിയിലും നിരുത്തരവാദപരമായും കമ്മീഷനോട്‌ പ്രതികരിക്കുകയും ചെയ്ത ഇതുപോലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സഹകരണത്തിലൂടെ എങ്ങനെയാണ്‌ രാജ്യത്ത്‌ ദളിത്‌ ക്ഷേമം നടപ്പിലാക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ