കമ്മ്യൂണിസത്തില്‍ നിന്നും കണ്‍ഫ്യൂഷ്യനിസത്തിലേക്ക്‌


കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രങ്ങളുടെ തലപ്പത്ത്‌ കണ്‍ഫ്യൂഷ്യനിസത്തെ പ്രതിഷ്ഠിക്കാനൊരുങ്ങുകയാണ്‌ കമ്മ്യൂണിസ്റ്റ്‌ ചൈന. യാഥാസ്ഥിതിക മാര്‍ക്സിസത്തേയും ലെനിനിസത്തേയും കണ്‍ഫ്യൂഷ്യനിസത്തിലൂടെ മാറ്റിയെടുക്കുകയെന്നതാണ്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പുതിയ നയം. ലോകത്തിലെ ഒന്നാമത്തെ ശക്തിയായി വളരുന്ന ചൈനീസ്‌ സമൂഹത്തിന്‌ സാഹോദര്യവും സമാധാനവും വളര്‍ത്താന്‍ അത്‌ അത്യാവശ്യമാണെന്നാണ്‌ അവര്‍ പറയുന്നത്‌. മാതാപിതാക്കള്‍ കുട്ടികളെ കണ്‍ഫ്യൂഷ്യസ്‌ തത്വങ്ങള്‍ പഠിപ്പിക്കണമെന്നതാണ്‌ സര്‍ക്കാരിണ്റ്റെ പുതിയ നിര്‍ദ്ദേശം. കൂടാതെ പുറം രാജ്യങ്ങളിലേക്കും അത്‌ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ചൈന. അതിണ്റ്റെ ഭാഗമായിട്ടാണ്‌ ൨൦൦൪ ല്‍ ദക്ഷിണകൊറിയയില്‍ ഒരു കണ്‍ഫ്യൂഷ്യസ്‌ പാഠശാല ചൈന സ്ഥാപിച്ചത്‌. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണ്‍ഫ്യൂഷ്യസിണ്റ്റെ ജന്‍മദിനം സര്‍ക്കാര്‍ ചെലവില്‍ ആഘോഷമായാണ്‌ നടത്തപ്പെടുന്നത്‌. ഒരു മുപ്പത്‌ വര്‍ഷം മുമ്പ്‌ വരെ ചിന്തിക്കാന്‍ പോലും സാധിക്കാതിരുന്ന കാര്യമാണിത്‌. ൨൦൦൦ ലേറെ വര്‍ഷം പഴക്കമുള്ള കണ്‍ഫ്യൂഷ്യനിസത്തിന്‌ പതനം സംഭവിക്കുന്നത്‌ ൨൦ ാം നൂറ്റാണ്ടിണ്റ്റെ ആദ്യദശകത്തിലാണ്‌. കണ്‍ഫ്യൂഷ്യനിസം ഫ്യൂഡലിസത്തിണ്റ്റെ പ്രതിരൂപമാണെന്നും ചരിത്രത്തിലെ വിഡ്ഢിത്തമാണെന്നും വരെ മൌസേ ദൊങ്ങിണ്റ്റെ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണിക്കുന്ന ഈ സ്നേഹം ഫലത്തില്‍ കയ്യൊഴിഞ്ഞ കമ്മ്യൂണിസത്തിണ്റ്റെ ശൂന്യത നികത്താനായിട്ടാണെന്നാണ്‌ പറയപ്പെടുന്നത്‌. കണ്‍ഫ്യൂഷ്യനിസത്തെ സാമ്പത്തിക വാദത്തിനായിട്ടാണ്‌ ഉപയോഗിക്കുന്നതെന്ന്‌ മറ്റൊരു ആരോപണവുമുണ്ട്‌. അത്‌ ചൈനയിലെ ജനങ്ങള്‍ക്ക്‌ വേണ്ടിയിട്ടല്ല, മറിച്ച്‌ കണ്‍ഫ്യൂഷ്യനിസത്തിണ്റ്റെ തത്ത്വശാസ്ത്രത്തെ ലോകകമ്പോളത്തില്‍ വിറ്റഴിക്കുകയാണ്‌ ൨൧ ാം നൂറ്റാണ്ടില്‍ ചൈന ചെയ്യുന്നതെന്നാണ്‌ ആരോപണം. അതുവഴി പ്രതിഛായ വര്‍ദ്ധിപ്പിച്ച്‌ ലോകശ്രദ്ധ നേടിയെടുക്കാനുള്ള ഒരു തന്ത്രമാണ്‌ ചൈനയുടേത്‌. അതിന്‌ കണ്‍ഫ്യൂഷ്യനിസത്തെ ഒരു തൂണായി നിര്‍ത്തുകയാണവര്‍. ചൈന ഇപ്പോള്‍ പ്രയോഗിക്കുന്ന ഈ തന്ത്രം 'സോഫ്റ്റ്‌ പവര്‍' എന്നാണറിയപ്പെടുന്നത്‌. ൧൯൯൦ കളില്‍ ജോസ്‌ നൈ ആണ്‌ ഈ സങ്കല്‍പം അവതരിപ്പിക്കുന്നത്‌. പരമ്പരാഗത അധിനിവേശത്തിണ്റ്റെ കൂര്‍ത്ത തന്ത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി ഒരു മൃദുസമീപനത്തിലൂടെയുള്ള നേടിയെടുക്കലാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആഗോളസാമ്പത്തിക മാന്ദ്യത്തിനിടയിലും ചൈനയ്ക്ക്‌ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്‌ ഇതിണ്റ്റെ ആക്കം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. എന്നാല്‍ പൌരോഹിത്യത്തിണ്റ്റെ കൂടെ വളര്‍ന്നുവന്ന കണ്‍ഫ്യൂഷ്യനിസത്തില്‍ ഇന്നത്തെ കാലത്തിനനുസരിച്ച്‌ മാറേണ്ട ചിലതെല്ലാം ഉണ്ട്‌. ബുദ്ധിസവും, മോസിയും സുന്‍സിയുമെല്ലാം മിശ്രിതമായ ചൈനീസ്‌ സംസ്കാരത്തിന്‌ ഇപ്പോഴത്തെ രീതിക്ക്‌ കണ്‍ഫ്യൂഷ്യനിസത്തേയും പുനര്‍നിര്‍വചിക്കേണ്ടിവരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ