ജനിതക കൊലയാളികള്‍ക്ക്‌ അരങ്ങൊരുങ്ങുമ്പോള്‍


പ്രകൃതി വൈവിദ്ധ്യത്തേയും സ്വാഭാവിക വ്യവസ്ഥകളേയും തകിടം മറിക്കാനുള്ള പുറപ്പാടിലാണ്‌ ജനിറ്റിക്‌ എഞ്ചിനിയറിങിന്റെ പുതിയ വഴികള്‍ നീണ്ടുകൊണ്ടിരിക്കുന്നത്‌.കഴിഞ്ഞ ഒക്‌ടോബര്‍ 14ന്‌ ബിടി വഴുതനങ്ങയ്‌ക്ക്‌ കേന്ദ്ര ജനിതക എഞ്ചിനിയറിങ്‌ അംഗീകാര കമ്മിറ്റി അനുമതി നല്‍കിയതിലൂടെ ഇന്ത്യയിലെ ഭക്ഷ്യ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കുള്ള സാധ്യതയാണ്‌ തെളിഞ്ഞിരിക്കുന്നത്‌.ആദ്യമായിട്ടാണ്‌ ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഭക്ഷ്യോല്‍പ്പാദനത്തിന്‌ കമ്മിറ്റി അനുമതി നല്‍കുന്നത്‌. അത്യുല്‍പ്പാദനശേഷിയുള്ള വഴുതങ്ങ വിത്തുകള്‍ കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുകയാണ്‌ ലക്ഷ്യം. അതിനുള്ള സഹായം നല്‍കുന്നതാകട്ടെ അമേരിക്ക ആസ്ഥാമായുള്ള മോണ്‍സന്റോ എന്ന കമ്പനിയും. പരമ്പരാഗത വിത്തിനങ്ങളെ കലക്രമേണ ഇല്ലാതാക്കാനും അതുവഴി ഭക്ഷ്യ മേഖലയെ കുത്തക വല്‍ക്കരിക്കുകയുമാണ്‌ ഇതിലൂടെ കമ്പോളമൂലധന ശക്തികള്‍ ചെയ്യുവാന്‍ പോകുന്നത്‌.ജനിതക വിത്തിനങ്ങള്‍ക്ക്‌ പ്രത്യുല്‍പ്പാദനശേഷിയില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക്‌ പുതിയ വിളകളിറക്കാന്‍ വീണ്ടും ജനിതക വിത്തുകളെ ആശ്രയിക്കേണ്ടി വരും.കാലക്രമേണ പാരമ്പര്യ വിത്തുല്‍പ്പാദനം നിശേഷം ഇല്ലാതാവുകയും ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ജനിതക വിത്തുല്‍പ്പാദന കമ്പനികളുടെ കൈപ്പിടിയിലമരുകയും ചെയ്യും.
ഇന്ത്യയില്‍ ജനിതക വഴുതനങ്ങയെ കുറിച്ച്‌ പഠിക്കുവാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങളുടെ സ്വഭാവം തന്നെ ഇതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നുണ്ട്‌. വിത്തുല്‍പ്പാദന കമ്പനികളുടെ പ്രതിനിധികളാണ്‌ കമ്മിറ്റിതീരുമാനങ്ങളെ നിയന്ത്രിക്കുന്നത്‌ എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ നടന്നത്‌.അതുകൊണ്ട്‌ തന്നെ ജനിതക വിത്തുകളുടെ സുരക്ഷയെ സംബന്ധിച്ച്‌ യാതൊരുവിധ വസ്‌തുനിഷ്‌ഠമായ പഠനവും നടത്താതെയാണ്‌ കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്‌.ബിടി വഴുതനങ്ങ പരീക്ഷിച്ച്‌ നോക്കിയ ജന്തുജാലങ്ങളില്‍ സംഭവിച്ച ശാരീരികമാറ്റങ്ങല്‍ ഇത്‌ വ്യക്തമാക്കുന്നുണ്ട്‌.എലികളില്‍ കരള്‍ സംബന്ധമായ സങ്കോചം പശുക്കളുടെ പാലുല്‍പ്പാദനത്തില്‍ സംഭവിച്ച നിറം മാറ്റവും വ്യതിയാനവും,മുയലുകളുടെ ദഹനപ്രക്രിയ താറുമാറായതുമെല്ലാം ബിടി വഴുതനങ്ങ മനുഷ്യ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കും എന്നുള്ളതിനുള്ള വ്യക്തമായ തെളിവുകളാണ്‌.
ഇന്ത്യയില്‍ ഏകദേശം 8.4 ലക്ഷം കോടി ടണ്‍ വഴുതനങ്ങയാണ്‌ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌.കീടങ്ങള്‍ മൂലമുള്ള കള നാശമാണ്‌ വഴുതനങ്ങ കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.എന്നാല്‍ കീടനാശിനികളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള വിഷാംശം അവയുടെ ഉപയോഗത്തെ പടിക്കുപുറത്ത്‌ നിര്‍ത്തുകയും ചെയ്യുന്നു.ഈ അവസരമാണ്‌ ബിടി വഴുതനങ്ങയുടെ ഉല്‍പ്പാദകര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നത്‌.ബാസില്ലസ്‌ ടുറിങ്കിന്‍സിസ്‌ എന്ന മണ്ണിലടങ്ങിയിരിക്കുന്ന ഒരുതരം ബാക്‌ടീരിയയെ സന്നിവേശിപ്പിച്ച വഴുതന വിത്തുകള്‍ ജനിതക സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി സൃഷ്‌ടിച്ചെടുക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌.ചുരുക്കത്തില്‍ ബിടി വഴുതനങ്ങ കഴിക്കുന്നതിലൂടെ കീടനാശിനികളും വന്‍തോതില്‍ മനുഷ്യ ശരീരത്തിലേക്ക്‌ എത്തുമെന്ന്‌ സാരം.
മധ്യപ്രദേശിലെ പരുത്തി കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തം തന്നെ ജനിതക വിത്തുകളുടെ ഭീകരതയെ വെളിപ്പെടുത്തുന്നുണ്ട്‌.ജനിതക വിത്തുകളുടെ ഉപയോഗത്തിലൂടെ നിരവധി ശാരീരിക ദുരിതങ്ങളാണ്‌ ഇവിടുത്തെ കര്‍ഷകര്‍ക്ക്‌ നേരിടേണ്ടി വന്നത്‌.ശരീരം മുഴുവന്‍ വ്രണങ്ങള്‍ ഉണ്ടാവുകയും,പല ഭാഗങ്ങളും തടിച്ച്‌ പൊങ്ങുകയും കണ്ണുകളുടെ നിറം മങ്ങുകയുമെല്ലാമായിരുന്നു ബിടി പരുത്തി കൃഷി ചെയ്‌തത്‌ മൂലം കര്‍ഷകര്‍ നേരിട്ടത്‌.അങ്ങനെ വരുമ്പോള്‍ ഒരു ജനിതക ഭക്ഷ്യോല്‍പ്പന്നത്തിന്റെ ഉപയോഗം മനുഷ്യ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നത്‌ ഊഹിക്കാവുന്നതേയുള്ളൂ.ബിടി വിത്തുകള്‍ അലര്‍ജിക്ക്‌ കാരണമാകുമെന്നത്‌ മറുവാദമില്ലാത്ത വസ്‌തുതയാണ്‌.അമേരിക്കയില്‍ ട്രിറ്റോഫാന്‍ എന്ന ജനിതക ഭക്ഷ്യോല്‍പ്പന്നത്തിന്റെ ഉപഭോഗം മൂലം ഏകദേശം നൂറോളം പേരാണ്‌ മരണപ്പെട്ടത്‌.കൂടാതെ ആയിരത്തിലധികം ആളുകളും ന്യൂമോണിയ,വ്രണങ്ങല്‍,പേശീബലക്ഷയം ശ്വാസകോസരോഗങ്ങള്‍ എന്നിവയുമായി ഇപ്പോഴും മല്ലിട്ടുകൊണ്ടിരിക്കുകയാണ്‌.
വിവിധപ്രദേശങ്ങളിലെ മണ്ണിന്റെസ്വഭാവം വ്യത്യസ്‌തമായിരിക്കുമല്ലോഎന്നാല്‍ അത്‌ കണക്കിലെടുക്കാതെ ഏകസ്വഭാവരൂപത്തിലാണ്‌ ബിടി വിത്തിനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.ഇത്‌ മണ്ണില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ വിപരീത ഫലം സൃഷ്‌ടിക്കുകയും കൃത്രിമമായി സന്നിവേശിപ്പിച്ചിരിക്കുന്ന വിദേശ ജീനുകള്‍ മനുഷ്യശരീരത്തിലെ ജീനുകളുമായി ചേര്‍ന്ന പ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും.
അമേരിക്ക,ബ്രസീല്‍,ചൈന,അര്‍ജന്റീന,ഇന്ത്യ എന്നീ അഞ്ചു രാജ്യങ്ങള്‍ മാത്രമാണ്‌ ലോകത്ത്‌ ബിടി വിത്തിനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌.യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏരിയ പങ്കും ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.ഇതില്‍ ബ്രസീലും അര്‍ജന്റീനയും കന്നുകാലി തീറ്റക്കുവേണ്ടി മാത്രമാണ്‌ ബിടി വിത്തുകള്‍ ഉപയോഗിക്കുന്നത്‌.റൗണ്ട്‌ അപ്പ്‌ റെഡി ചോളം,സോയ എന്നിവയാണ്‌ അമേരിക്കയില്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്‌.2002ലാണ്‌ ഇന്ത്യയില്‍ ആദ്യമായി ബിടി വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്രം അനുമതി കൊടുത്തത്‌.വ്യക്തമായ രൂപരേഖയോ പഠനങ്ങളോ നടത്താതെയായിരുന്നു ഇത്‌. അതുകൊണ്ട്‌ തന്നെ ഇതിന്റെ ദുരന്തവും ഇന്ത്യ കണ്ടതാണ്‌.1997 വിദര്‍ഭയില്‍ സംഭവിച്ച ഏകദേശം ഒന്നരലക്ഷത്തോളം കര്‍ഷകരുടെ ആത്മഹത്യക്കു പിന്നില്‍ ബിടി പരുത്തി വരുത്തിവെച്ച നഷ്‌ടങ്ങളുടെ കണക്കുകളുണ്ട്‌. ഒരു കിലോഗ്രാം പരുത്തി ഉല്‍പ്പാദിപ്പിക്കാന്‍ 11000 ത്തോളം ലിറ്റര്‍ വെള്ളമാണ്‌ വേണ്ടി വരിക.ഇത്‌ കര്‍ഷകരെ കടുത്ത വരള്‍ച്ചയിലേക്ക്‌ കൊണ്ടെത്തിക്കുകയും തന്മൂലം മുടക്ക്‌മുതല്‍ തിരിച്ച്‌ പിടിക്കാനാവാതെ കര്‍ഷകര്‍ കടക്കെണിയില്‍ കുടുങ്ങിപ്പോവുകയുംചെയ്‌തു. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയുടെ തീവ്രത വര്‍ദ്ധിച്ചത്‌ ഇതിലൂടെയായിരുന്നു.എന്നാല്‍ അതുകൊണ്ടൊന്നും കണ്ണുതെളിയാതെയാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ ബിടി വഴുതനങ്ങയ്‌ക്ക അനുമതി നല്‍കിയിരിക്കുന്നത്‌.ഇന്ത്യയില്‍ ഇപ്പോള്‍ ഏകദേശം 300 ഇനം വഴുതനങ്ങ കൃഷി ചെയ്യുന്നുണ്ട്‌.അപ്പോള്‍ പിന്നെ ബിടി വഴുതനങ്ങയുടെ ആവശ്യം എന്തിനാണെന്നുള്ള ചോദ്യം പ്രസക്തമാണ്‌.ജൈവസുരക്ഷയുമായി ബന്ധപ്പെട്ട കാര്‍ട്ടാജീനാ പ്രോട്ടോകോല്‍ അനുസരിച്ച്‌ അംഗരാജ്യങ്ങല്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കരുതെന്നാണ്‌ വ്യവസ്ഥ.കോര്‍പ്പറേറ്റ്‌ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ രാജ്യത്തെ ഭക്ഷ്യസുരക്ഷയെ അടിയറവുവെയ്‌ക്കുകയാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്‌.പ്രഗല്‍ഭരായ ആരുടേയും അഭിപ്രായം സര്‍ക്കാര്‍ ഇക്കാര്യത്തില്‌ മുഖവിലക്കെടുത്തിട്ടില്ല.എന്നാല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തികകത്ത്‌ ബിടി വിത്തുകളുടെ ഒരു ഉപയോഗവും അനുവദിക്കില്ലെന്ന്‌ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌ അഭിനന്ദനാര്‍ഹം തന്നെയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ