മാധ്യമ വിമര്‍ശനത്തില്‍ പറയുന്നതും പറയാത്തതും


പ്രച്ഛന്ന വേഷധാരികളുടെ വിഹാരരംഗമാണ്‌ ഇന്ന്‌ രാഷ്‌ട്രീയം. ഒരേ നടന്‍ ചക്രവര്‍ത്തിയായും അടിമയായും വേഷമിടുന്നത്‌ നാടകത്തിലും സിനിമയിലും പുതുമയുള്ളതല്ല. എന്നാല്‍ രാഷ്‌ട്രീയത്തിലും ഇതിപ്പോള്‍ പതിവായി. ഒരിടത്ത്‌ നായകന്‍ മറ്റൊരിടത്ത്‌ വില്ലന്‍. കേരളത്തില്‍ ഏതെങ്കിലും വിവാദമുയര്‍ത്തി ജനപക്ഷത്തിന്റെ ഉച്ചഭാഷിണിയായി വിഹരിക്കുന്ന നേതാവ്‌ സ്വന്തം കക്ഷി ഭരിക്കുന്ന ദില്ലിയിലോ ഹര്യാനയിലോ അതേ വിവാദത്തില്‍ പ്രതിക്കൂട്ടില്‍. ഇത്‌ ഇന്ന്‌ സാധാരണമാണ്‌. കേരളത്തില്‍ ബിനീഷ്‌ കോടിയേരിക്കും ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും മറ്റും എതിരെ ചന്ദ്രഹാസമിളക്കുന്ന നേതാക്കള്‍ സ്വന്തം പാര്‍ട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം വിവാദനായകരുടെ സംരക്ഷകരാകുന്നത്‌ അതുകൊണ്ടാണ്‌.
1999 ഏപ്രില്‍ 29 നായിരുന്നു ഏറെ കോളിളക്കം സൃഷ്‌ടിച്ച ജസിക്കാലാല്‍ വധം നടന്നത്‌. ബാര്‍ ജീവനക്കാരിയായ ജസിക്കയെ മദ്യം നല്‍കാന്‍ വിസമ്മതിച്ചതിന്‌ മന്ത്രിപുത്രന്‍ വെടിവെച്ചുകൊന്നു എന്നതായിരുന്നു കേസ്‌. മുന്‍കേന്ദ്രമന്ത്രിയും അന്നത്തെ ഹര്യാനയിലെ കാബിനറ്റ്‌ അംഗവുമായിരുന്ന വിനോദ്‌ ശര്‍മ്മയുടെ മകന്‍ മനുശര്‍മ്മയായിരുന്നു മുഖ്യപ്രതി. രാഷ്‌ട്രീയ നേതാക്കളുടെ നാണംകെട്ട കളികള്‍ ഈ കേസിന്റെ വിചാരണ വേളയില്‍ ഇന്ത്യ കണ്ടു. ഏറ്റവും പ്രഗല്‍ഭനായ അഭിഭാഷകന്‍ റാംജേത്‌ മലാനി തന്നെ മനുശര്‍മ്മയ്‌ക്ക്‌ വേണ്ടി കോടതിയില്‍ ഹാജരായി. രാഷ്‌ട്രീയ സ്വാധീനത്തിനു വഴങ്ങി കേസിനനുകൂലമായ തെളിവുകള്‍ നശിപ്പിക്കുന്നതിന്‌ പോലീസ്‌ ആവുന്നതെല്ലാം ചെയ്‌തു. എന്നാല്‍ മാധ്യമങ്ങളുടെ അതിശക്തമായ ഇടപെടല്‍ കാര്യങ്ങള്‍ വിചാരിച്ച വഴിക്കല്ല കൊണ്ടെത്തിച്ചത്‌.
മദ്യം ചോദിച്ചിട്ട്‌ തരാത്തതിന്‌ താന്‍ ജസി ക്കയെ വെടിവെയ്‌ക്കുകയായിരുന്നെന്ന മനുശര്‍മ്മ പോലീസിനു നല്‍കിയ മൊഴിയുടെ ശബ്‌ദരേഖ എന്‍ ഡി ടി വി ചാനല്‍ പുറത്തുവിടുകയുണ്ടായി. പക്ഷെ നിയമപരമായി ഈ തെളിവിന്‌ സാധുതയുണ്ടായില്ല. മാധ്യമങ്ങളുടെ അവസരോചിതമായ ഇടപെടലായിരുന്നു, കേസിന്റെ നിജസ്ഥിതികളെ പൊതുസമൂഹത്തിനു മുന്‍പില്‍ തുറന്നുകാട്ടിയത്‌. വിനോദ്‌ ശര്‍മ്മ പണം വാരിയെറിഞ്ഞ്‌ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്‌ തെഹല്‍ക്ക സ്‌ട്രിങ്‌ ഓപ്പറേഷനിലൂടെ പുറത്ത്‌ കൊണ്ടുവന്നത്‌ ഏറെ വിവാദം സൃഷ്‌ടിച്ചു. തത്‌ഫലമായി വിനോദ്‌ ശര്‍മ്മയ്‌ക്ക്‌ ഹര്യാന മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. മുഖ്യസാക്ഷിയായ ഷ്യാന്‍ മുന്‍ഷി കോടതിയില്‍ കൂറുമാറിയത്‌ തെഹല്‍ക്ക കൊണ്ടുവന്ന വസ്‌തുതകളെ വീണ്ടും ഊട്ടി ഉറപ്പിച്ചു.
പോലീസ്‌ - രാഷ്‌ട്രീയ പങ്കുകച്ചടവത്തിന്റെ കളികളിലൂടെ കീഴ്‌ക്കോടതി വിധി മനുശര്‍മ്മയ്‌ക്ക്‌ അനുകൂലമായി. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ കീഴ്‌ക്കോടതി വിധിക്കെതിരായി പൊതുജനവികാരത്തെ ഉണര്‍ത്തിവിട്ടു. രണ്ടു ലക്ഷം എസ്‌ എം എസുകളാണ്‌ എന്‍ ഡി ടി വി നടത്തിയ അഭിപ്രായ സര്‍വ്വേയിലേക്ക്‌ ഒഴുകിയെത്തിയത്‌. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സര്‍വ്വേയില്‍ നീതിപീഠത്തിന്റെ നിഷ്‌പക്ഷതയെ ഭൂരിഭാഗം ചോദ്യം ചെയ്‌തു. വിധിക്കെതിരായി ജസിക്കയുടെ സഹപ്രവര്‍ത്തകരും, ബന്ധുക്കളും, ഇന്ത്യാ ഗേറ്റിന്‌ മുന്നില്‍ മെഴുകുതിരി തെളിച്ച്‌ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കും ചണ്‌ഡിഗഡില്‍ നടത്തിയ പ്രകടനങ്ങള്‍ക്കും ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും വന്‍പ്രാധാന്യമാണ്‌ നല്‍കിയത്‌.
ജനവികാരം കോടതി വിധി തിരിത്തിച്ച അപൂര്‍വ്വമായ കേസായിരുന്നു ജസിക്കാലാല്‍ വധം. അതിന്‌ ചുക്കാന്‍ പിടിച്ചതാകട്ടെ ഇവിടുത്തെ മാധ്യമങ്ങളും. സെഷന്‍സ്‌ കോടതി വിധി റദ്ദാക്കി 2006 ഡിസംബര്‍ 20ന്‌ മനുശര്‍മ്മയെ ശിക്ഷിച്ചു ദില്ലി ഹൈക്കോടതി ജീവപര്യന്തം തടവിന്‌ വിധിച്ചു. സല്‍ജിവ്‌ നന്ദകേസിലും പ്രിയദര്‍ശിനി മാട്ടു കേസിലുമെന്ന പോലെ ജനപക്ഷമാധ്യമപ്രവര്‍ത്തനത്തിന്റെ മറ്റൊരു വിജയമായി ജസിക്കാലാല്‍ വധക്കേസും മാറി.
ഒരു പതിറ്റാണ്ടുമുമ്പ്‌ ഇന്ത്യയാകെ കോളിളക്കം സൃഷ്‌ടിച്ച ജസിക്കാലാല്‍ വധക്കേസ്‌ ഇന്നും ജനമനസ്സുകളില്‍ പച്ചപിടിച്ചുനില്‌പുണ്ടാകും. അതിന്റെ ഇപ്പോഴത്തെ പരിണാമ ഗുപ്‌തി പ്രഛന്നവേഷധാരികളെ മറനീക്കുന്നതാണ്‌.
കുറച്ച്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പാണ്‌ ബംഗ്ലൂര്‍ നഗരത്തിലെ നക്ഷത്രവേശ്യാലയത്തില്‍ ഒരു വേശ്യയുടെ ലാപ്‌ടോപിലെ ചിത്രങ്ങളില്‍ കേരള മന്ത്രിയുടെ മകന്‍ അഭിരമിക്കുന്ന ദൃശ്യങ്ങള്‍ കര്‍ണാടകയിലെ ടി വി 9 എന്ന ചാനല്‍ പുറത്തുവിട്ടത്‌. സി പി ഐ എമ്മിന്റെ താത്വിക പ്രസിദ്ധീകരണമായ പീപ്പിള്‍ ഡെമ്മോക്രസിയില്‍ ആ ചാനലിനെ പരിഹസിക്കുന്ന കുറിപ്പ്‌ അടുത്തുതന്നെ പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസിന്‌ വേണ്ടിയുള്ള ആസൂത്രിതമായ വിടുപണിയാണെന്നായിരുന്നു അതിലെ ആരോപണം. എന്നാല്‍ ജസിക്കലാല്‍ വധക്കേസിലെ പ്രതിയും കോണ്‍ഗ്രസ്‌ നേതാവിന്റെ മകനുമായ മനുശര്‍മ്മയ്‌ക്ക്‌ നിയമവ്യവസ്ഥകള്‍ ലംഘിച്ച്‌ ഡെല്‍ഹിയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പരോള്‍ നല്‍കിയതിനെതിരെ വന്നുകൊണ്ടിരിക്കുന്ന ദേശീയ മാധ്യമങ്ങളിലെ വിമര്‍ശനാത്മക റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്‌ മറ്റൊന്നാണ്‌. ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന ഏകപക്ഷീയ അജണ്ടയാണ്‌ മാധ്യമങ്ങള്‍ക്കെന്ന വാദം അവിടെ പൊളിഞ്ഞുവീഴുന്നു.
ജസിക്കലാല്‍ കേസ്‌ കൈകാര്യം ചെയ്യുന്നതില്‍ വഴിവിട്ട്‌ യാതൊന്നും ഹര്യാനസര്‍ക്കാരോ ദില്ലി സര്‍ക്കാരോ ചെയ്‌തിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ്‌ കൈക്കൊണ്ട നിലപാട്‌. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷം ആകട്ടെ കോണ്‍ഗ്രസിനെ പ്രഹരിക്കാനുള്ള വടിയായി ഇതിനെ ഫലപ്രദമായി പ്രയോഗിച്ചു. മുത്തൂറ്റ്‌ പോള്‍ എം ജോര്‍ജിന്റെ വധത്തിലെ പോലീസ്‌ അന്വേഷണത്തിലെ ഒളിച്ചുകളി മറനീക്കുന്നതിന്‌ ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നടത്തുന്ന പോരാട്ടത്തെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു ജസിക്കാലാല്‍ കേസില്‍ അന്ന്‌ ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷത്തിന്റേത്‌.
പത്തുവര്‍ഷം പഴക്കമുള്ള ജസീക്കാലാല്‍ വധം വീണ്ടും ദില്ലി മാധ്യമങ്ങളിലെ മുഖ്യവിഷയമായി ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്‌. പക്ഷെ കേരളമന്ത്രിയുടെ മകന്റെ വിവാദചിത്രത്തിന്റെ പശ്ചാത്തലത്തിലാകാം പീപ്പിള്‍സ്‌ ഡമോക്രസിയടക്കമുള്ള പാര്‍ട്ടി മാധ്യമങ്ങള്‍ക്ക്‌ മിണ്ടാട്ടമില്ല. ഹര്യാന തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന കോണ്‍ഗ്രസ്‌, സ്വതന്ത്രന്മാരെ തട്ടിക്കൂട്ടി മന്ത്രിസഭ ഉണ്ടാക്കാന്‍ നടത്തിയ ശ്രമം വിജയിച്ചതും ജസീക്കാലാല്‍ വധകേസിന്റെ ഉയര്‍ത്തെഴുന്നേല്‌പും തമ്മില്‍ ബന്ധമുണ്ടെന്നത്‌ വസ്‌തുത.
എന്താണ്‌ ആ ബന്ധം എന്നല്ലേ? ഹര്യാനയില്‍ മുഖ്യമന്ത്രി ഹൂഡക്ക്‌ മന്ത്രിസഭ രൂപീകരിക്കാന്‍ സ്വതന്ത്രന്മാരുടെ പിന്തുണ സംഘടിപ്പിക്കുന്നതില്‍ പ്രധാനപങ്ക്‌ വഹിച്ചത്‌ മനുശര്‍മ്മയുടെ പിതാവ്‌ വിനോദ്‌ ശര്‍മ്മയാണെന്ന്‌ മാധ്യമങ്ങള്‍ പറയുന്നു. മനുശര്‍മ്മയ്‌ക്ക്‌ പരോള്‍ അനുവദിക്കുന്നതിനെ അതിശക്തമായി ദില്ലി പോലീസ്‌ എതിര്‍ത്തിട്ടും മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ ഒരു മാസത്തെ പരോള്‍ പ്രത്യുപകാരമായി അനുവദിച്ചതത്രെ. മനുശര്‍മ്മ പരോളില്‍ ഇറങ്ങിയ വാര്‍ത്ത മാധ്യമങ്ങള്‍ വന്‍വിവാദമായെങ്കിലും ഒരു രാഷ്‌ട്രീയ നേതാവും അതില്‍ ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. നേതാക്കളുടെ മക്കളുടെ കാര്യമാകുമ്പോള്‍ എല്ലാ രാഷ്‌ട്രീയക്കാരും ദുഃഖങ്ങള്‍ ഒന്നുപോലെ പങ്കിടേണ്ടതാണല്ലോ. കേരളത്തിലെ മന്ത്രിമാരുടെ മക്കളുടെ താന്തോന്നിത്തരത്തിനെതിരെ പ്രതിപക്ഷം എന്തുകൊണ്ട്‌ പ്രതികരിക്കുന്നില്ല എന്നതിന്‌ വേറെ കാരണം അന്വേഷിക്കേണ്ടതില്ല.
മനുശര്‍മ്മയ്‌ക്ക്‌ അനധികൃതമായി പരോള്‍ അനുവദിച്ചതിനെതിരെ കക്ഷിഭേദമില്ലാതെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ മൗനം പാലിക്കുകയാണ്‌ ചെയ്‌തത്‌. എന്നാല്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ വിടാന്‍ തയ്യാറായില്ല. പരോളില്‍ ഇറങ്ങിയ മനുശര്‍മ്മയെ സുഹൃത്തിനോടൊപ്പം നൈറ്റ്‌ ക്ലബില്‍ കണ്ടു എന്ന വാര്‍ത്ത വിവാദത്തെ പിന്നെയും കൊഴുപ്പിച്ചു. അവസാനം ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്റെ പുത്രനോടൊപ്പം മനുശര്‍മ്മ നൈറ്റ്‌ ക്ലബില്‍ എത്തിയിരുന്നു എന്ന വസ്‌തുത പോലീസും സ്ഥിരീകരിച്ചു. മനുശര്‍മ്മയുടെ കൂടെയുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ പുത്രന്റെ ശല്യം സഹിക്കവയ്യാതെ ബാര്‍ ഉടമ പരാതി വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ്‌ പോലീസ്‌ അന്ന്‌ രാത്രി അന്വേഷണത്തിനായി ക്ലബിലെത്തിയത്‌. എന്നാല്‍ പോലീസ്‌ സാന്നിധ്യം മണത്തറിഞ്ഞ മനുശര്‍മ്മ പുറംവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ്‌ പോലീസിന്റെ പത്രക്കുറിപ്പില്‍ പറയുന്നത്‌. ഏതായാലും സംഗതി പ്രശ്‌നമാണെന്നറിഞ്ഞ അധികൃതര്‍ നവംബര്‍ 22 ന്‌ വരെയുണ്ടായിരുന്ന പരോള്‍ കാലാവധി റദ്ദാക്കിക്കൊണ്ട്‌ നവംബര്‍ 10 ന്‌ തന്നെ ജയിലില്‍ കീഴടങ്ങാന്‍ മനുവിനോട്‌ ആവശ്യപ്പെട്ടു.
അടുത്തടുത്ത ദിവസങ്ങളില്‍ സംഭവിച്ച ഏകദേശം സമാന സ്വഭാവമുണ്ടെന്ന്‌ പറയാവുന്ന കേരളത്തിലെ മന്ത്രി പുത്രന്റേയും മനുശര്‍മ്മയുടേയും വാര്‍ത്തകള്‍ ഒരേ തുലാസില്‍ തന്നെയാണ്‌ മാധ്യമങ്ങള്‍ തൂക്കിയതെന്നത്‌ ഒരു നേര്‍ക്കാഴ്‌ചയായി മുന്നില്‍ നില്‍ക്കുന്നു. കേരളത്തിലെ മന്ത്രിപുത്രന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങി വാര്‍ത്ത തമസ്‌കരിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ നേതാവിന്റെ മകന്‌ ആ ആനുകൂല്യം ലഭിച്ചില്ല എന്നതും സവിശേഷതയാണ്‌. കേവലം 48 മണിക്കൂര്‍ വ്യത്യാസത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ്‌ പത്രാധിപര്‍ വീര്‍ സാഗ്മിയും എന്‍ ഡി ടി വി ഗ്രൂപ്പ്‌ എഡിറ്റര്‍ ബര്‍ക്കാദത്തയും മനുശര്‍മ്മയ്‌ക്ക്‌ പരോള്‍ നല്‍കിയതിനെ നിശിതമായി വിമര്‍ശിച്ച്‌ ലേഖനങ്ങളെഴുതിയതും ശ്രദ്ധേയമായി. എന്നാല്‍ കോണ്‍ഗ്രസിന്റെ ചട്ടുകമാണ്‌ മാധ്യമങ്ങളെന്ന്‌ പ്രചരിപ്പിക്കുന്നവര്‍ എന്താണ്‌ മനുശര്‍മ്മയുടെ കേസിലെ മാധ്യമസമീപനങ്ങളെക്കുറിച്ച്‌ മൗനം ദീക്ഷിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ