
ഒരു വിവാഹത്തിനോ പിറന്നാള്‍ ആഘോഷത്തിനോ മറ്റോ പോകുമ്പോള്‍ അവിടെ ഒരു സൂപ്പര്‍ സിനിമാതാരത്തെ കണ്ടാല്‍ നമുക്ക് അല്‍പം ആശ്ചര്യവും അസൂയയും ഉണ്ടാകാറുണ്ട്. ഇത്രയും വലിയ പ്രശസ്‌തന്‍ കുടുംബസുഹൃത്തുക്കളായി അവര്‍ക്ക് ഉണ്ടല്ലോ എന്ന് സ്വാഭാവികമായും മനഃപ്രയാസത്തോടെ ചിന്തിച്ചുപോകും. എന്നാല്‍ സംഗതിയുടെ കിടപ്പ് അങ്ങനെയൊന്നുമല്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്. മണിക്കൂറിന് ലക്ഷങ്ങള്‍ കൊടുത്താണത്രെ ജീവിതത്തില്‍ നേരിട്ട് ഒന്ന് കണ്ടിട്ടുപോലുമില്ലാത്ത പ്രശസ്‌ത സിനിമാതാരങ്ങളെ ആഘോഷം പൊലിപ്പിക്കാനായി വമ്പന്‍ കുടുംബങ്ങള്‍ അതിഥികളായി കൊണ്ടുവരുന്നത്.
അറിഞ്ഞിടത്തോളം സല്‍ക്കാരങ്ങളില്‍ അതിഥികളായെത്താന്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഋത്വിക് റോഷനാണ്. 1.25 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. അതും ഇടത്തരം ആഘോഷങ്ങള്‍ക്ക് വരികയുമില്ല. നടികളില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് ഐശ്വര്യറായി ആണ്. 75 ലക്ഷമാണ് വില. സല്‍മാന്‍ഖാന്‍ വാങ്ങുന്നത് ഒരുകോടിയാണ്. മനീഷാ കൊയ്‌രാള ആറുലക്ഷത്തിന് ലഭ്യമാണ്. മല്ലികാ ഷെരാവത്തിന് വില 20 ലക്ഷം വരും. അക്ഷയ്‌കുമാറിന് 70 ലക്ഷമാണ് കുറഞ്ഞ നിരക്ക്. കരീനാ കപൂര്‍ 40 ലക്ഷവുമായി നടികളില്‍ തിളങ്ങിനില്‍ക്കുന്നു. റാണി മുഖര്‍ജി 35 ലക്ഷമാണ് വിലയിട്ടിരിക്കുന്നത്. ബിപാഷ ബസുവിന്റെ സാന്നിധ്യം മാത്രം മതിയെങ്കില്‍ 25 ലക്ഷമേ വിലയുള്ളൂ. എന്നാല്‍ പാട്ടോ ഡാന്‍സോ ചെയ്യിച്ചാല്‍ പ്രതിഫലം 1.5 കോടിയാകും. മറ്റൊരു പദ്ധതിയുള്ളത്, ബിപാഷയും ജോണ്‍ എബ്രഹാമും ഒരുമിച്ച് വരികയാണെങ്കില്‍ ഒരു കോടി രൂപക്ക് കിട്ടും എന്നുള്ളതാണ്. 15 ലക്ഷം വിലയിട്ട് അനില്‍ കപൂര്‍ മിതവാദിയായി നില്‍ക്കുന്നു. മറ്റ് ചെറുകിട താരങ്ങള്‍ക്കെല്ലാം 25 ലക്ഷത്തിനു താഴേയ്‌ക്കാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
ഇത്തരം ചടങ്ങുകള്‍ക്ക് താരങ്ങളെ എത്തിക്കാന്‍ ബ്രോക്കര്‍മാരുടെ വന്‍നിര ബോളിവുഡിലുണ്ട്. നടീനടന്മാരുടെ സെക്രട്ടറിമാരും ബ്രോക്കര്‍മാരും ചേര്‍ന്നാണ് വിലപേശല്‍ നടത്തുക. 15 ശതമാനമാണ് ബ്രോക്കര്‍ കമ്മിഷനായി ഈടാക്കുക. സേവന നികുതിയിനത്തില്‍ വേറെയും.
:-)
മറുപടിഇല്ലാതാക്കൂ