ബച്ചന്‍-മോഡി ഭായി ഭായി



കഴിഞ്ഞ ആഴ്‌ച നരേന്ദ്രമോഡിയുടെ അതിഥിയായി ഗുജറാത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത്‌ ബോളിവുഡ്‌ സിനിമാതാരം അമിതാബ്‌ബച്ചന്‍ നടത്തിയ പ്രസ്‌താവനകള്‍ ദേശീയ രാഷ്‌ട്രീയ-സാംസ്‌കാരിക രംഗത്ത്‌ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചിരിക്കുകയാണ്‌. തന്റെ പുതിയ ചിത്രമായ `പാ' യുടെ പ്രചരണാര്‍ത്ഥം ഗാന്ധിനഗറില്‍ നടന്ന ചടങ്ങിലാണ്‌ ബച്ചന്‍, മോഡിയേയും ഗുജറാത്തിനേയും വാനോളം പുകഴ്‌ത്തി സംസാരിച്ചത്‌. ഗുജറാത്തില്‍ `പാ' യുടെ പ്രദര്‍ശനത്തിന്‌ വിനോദ നികുതി ഒഴിവാക്കുമെന്ന പ്രഖ്യാപനം അതേ വേദിയില്‍ വെച്ചു തന്നെ മോഡി നടത്തുകയും ചെയ്‌തു.
ബച്ചന്റെ, മോഡിചരിതം ഇങ്ങനെയാണ്‌. ``അദ്ദേഹം (മോഡി) വികസനത്തെക്കുറിച്ച്‌ വളരെ സ്വപ്‌നങ്ങളുള്ള ആളാണ്‌. പുതുമയുള്ള ആശയങ്ങളേയും പദ്ധതികളേയും അദ്ദേഹം ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. അദ്ദേഹം പറയുന്നതെല്ലാം പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ടൂറിസം വികസനത്തെക്കുറിച്ച്‌ അദ്ദേഹം എന്നോട്‌ സംസാരിച്ചു. അതിന്റെ വികസനത്തിനായി ഞാന്‍ സജീവമായി പങ്കെടുക്കുമെന്ന്‌ പ്രഖ്യാപിക്കുന്നു''
സമാജ്‌ വാദി പാര്‍ട്ടിയില്‍ വരുന്നതിന്‌ മുന്‍പ്‌ കോണ്‍ഗ്രസിലായിരുന്നപ്പോഴും, മതേതരസ്വഭാവമുള്ള കഥാപാത്രങ്ങളെ സിനിമകളില്‍ അഭിനയിച്ച്‌ അധഃസ്ഥിത വര്‍ഗ്ഗത്തെ അദ്ദേഹം പ്രതിനിധാനം ചെയ്‌തിട്ടുണ്ട്‌. 1993 -ല്‍ ഇറങ്ങിയ കൂലി എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തില്‍ സാധാരണക്കാരനായ മുസ്ലീം തൊഴിലാളിയെ അവതരിപ്പിച്ച്‌ അദ്ദേഹം കയ്യടി നേടിയിരുന്നു. ഗുജറാത്ത്‌ കലാപത്തെക്കുറിച്ചുള്ള ദേവ്‌ എന്ന ചിത്രത്തില്‍ മുസ്ലീങ്ങളെ സംരക്ഷിക്കുന്ന സത്യസന്ധനായ പോലീസ്‌ ഉദ്യോഗസ്ഥനായി ബച്ചന്‍ വേഷമിട്ടതാണ്‌. എന്നിട്ടും ഇത്തരമൊരു കടന്ന കൈ ബച്ചന്‍ ചെയ്‌തതിനെ കുറിച്ച്‌ പല കുശുകുശുക്കലുകളും ബോളിവുഡില്‍ ഉയരുന്നുണ്ട്‌.
ബച്ചന്‍ ഒരു അവസരവാദിയാണെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ അടിത്തറ യുപിയില്‍ ഇളകുകയും സുഹൃത്ത്‌ അമര്‍സിങ്‌ പാര്‍ട്ടിയില്‍ നിന്നും രാജിവെയ്‌ക്കുകയും ചെയ്‌തപ്പോള്‍ പുതിയ സങ്കേതം തേടുന്നതിന്റെ പ്രാരംഭ നടപടികളാണ്‌ അമിതാബ്‌ ബച്ചന്‍ ചെയ്യുന്നതെന്നുമാണ്‌ പ്രധാനമായും ഉയരുന്ന ആരോപണം. കൂടാതെ ചിരകാല കൂട്ടാളി അനില്‍ അംബാനി ഗുജറാത്തില്‍ വന്‍ നിക്ഷേപമാണല്ലോ നടത്തുന്നത്‌. പോരാത്തതിന്‌ മോഡിയുമായി വലിയ സൗഹൃദത്തിലും.
എന്നാല്‍ ഇതോടെ ബച്ചന്റെ ബ്രാന്‍ഡ്‌ ഇമേജ്‌ തകരുമോ എന്ന പേടിയിലാണ്‌ പരസ്യലോകം. മാധ്യമങ്ങള്‍ മോഡി-ബച്ചന്‍ ബന്ധം ആഘോഷിച്ചപ്പോള്‍ പ്രേക്ഷകരുടെ ഉള്ളില്‍ ബച്ചനെ പറ്റി അല്‌പമൊരു ആശങ്ക തോന്നാതിരിക്കാന്‍ തരമില്ലല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ