സൗദിയില്‍ മാറ്റത്തിന്റെ ചിന്ത



സ്‌ത്രീയും പുരുഷനും തമ്മിലുള്ള സാമൂഹിക ഇടപെടലുകളെ സംബന്ധിച്ച്‌ ആരോഗ്യകരമായ ചില സംവാദങ്ങള്‍ സൗദി അറേബ്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. അബ്‌ദുള്ള രാജാവാണ്‌ ഇതിന്‌ ചുക്കാന്‍ പിടിക്കുന്നതെന്നത്‌ ഏറെ പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ സെപ്‌തംബറില്‍, അബ്‌ദുള്ള രാജാവിന്റെ പേരില്‍ സ്ഥാപിതമായ ശാസ്‌ത്ര സാങ്കേതിക സര്‍വ്വകലാശാലയെ ചുറ്റിപ്പറ്റിയാണ്‌ ചര്‍ച്ചകള്‍ ചൂടുപിടിച്ച്‌ തുടങ്ങിയത്‌. വിദേശ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും സര്‍വ്വകലാശാലയിലേക്ക്‌ ആകര്‍ഷിക്കുന്നതിനായി, സൗദി അറേബ്യയുടെ നട്ടെല്ലായ മതാചാരങ്ങളെ വകവയ്‌ക്കാതെ, സ്‌ത്രീപുരുഷന്മാര്‍ ഒന്നിച്ചിരുന്ന്‌ പഠിക്കുന്ന സമ്പ്രദായം രാജാവ്‌ അവിടെ നടപ്പിലാക്കി. എന്നാല്‍ പാരമ്പര്യവാദികളെ ഇത്‌ ചൊടിപ്പിച്ചു. ഇസ്ലാമിക നിയമങ്ങളെ ബലികൊടുക്കാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന്‌ അവര്‍ തറപ്പിച്ച്‌ പറഞ്ഞു. എന്നാല്‍ അബ്‌ദുള്ള രാജാവും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അതിനിടയിലാണ്‌ വിവാദത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചുകൊണ്ട്‌ മക്കയിലെ പുരോഹിതവര്‍ഗ്ഗത്തിന്റെ തലവനായ അഹമ്മദ്‌ അല്‍ മൗദി അബ്‌ദുള്ള രാജാവിന്‌ പിന്തുണയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.
ലോകത്തില്‍ സ്‌ത്രീപുരുഷന്മാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ വേര്‍തിരിവുള്ള രാജ്യമാണ്‌ സൗദി അറേബ്യ. ഓഫീസുകളിലും മറ്റും പ്രവേശിക്കാന്‍ സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ പ്രത്യേകം വാതിലുകളാണ്‌ അവിടെ ഉള്ളത്‌. സര്‍വ്വകലാശാലകളില്‍ പുരുഷ അദ്ധ്യാപകര്‍ പെണ്‍കുട്ടികള്‍ക്ക്‌ ക്ലാസ്‌ എടുക്കുന്നത്‌ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടെലിവിഷനിലൂടെ പ്രത്യേക മുറിയിലിരുന്നാണ്‌. കമ്പനികള്‍ സ്‌ത്രീകള്‍ക്കായി പ്രത്യേക തൊഴിലിടങ്ങള്‍ നിര്‍മ്മിക്കണമെന്ന നിബന്ധന സൗദിയിലുണ്ട്‌. പരസ്‌പരം കാണാതിരിക്കാനായി സ്‌ത്രീക്കും പുരുഷനും വെവ്വേറെ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട്‌ ഈ അടുത്തകാലത്താണ്‌ ജിദ്ദ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ തീരുമാനമെടുത്തത്‌. ഇത്തരം കര്‍ശന വ്യവസ്ഥകള്‍ക്കു മേലുള്ള രാജാവിന്റെ കടന്നുകയറ്റം പാരമ്പര്യവാദികളെ ഭ്രാന്ത്‌ പിടിപ്പിച്ചിരിക്കുകയാണ്‌. എന്നാല്‍ രാജാവിനെതിരെ വ്യക്തിപരമായ കുറ്റപ്പെടുത്തലുകളുമായി അവര്‍ മുന്നോട്ട്‌ വരാതെ മടിച്ച്‌ നില്‍ക്കുകയാണ്‌. സര്‍ക്കാരിന്റെ ഉലമ കൗണ്‍സിലിലെ യുവ പുരോഹിതനായ ഷെയിഖ്‌ സാദ്‌ അല്‍ ഷേത്രി സര്‍വ്വകലാശാലയ്‌ക്കെതിരെ ഒരു ചാനലിലൂടെ ശക്തമായ വിമര്‍ശനം നടത്തിയതിനെ തുടര്‍ന്ന്‌ രാജാവ്‌ അയാളെ കൗണ്‍സിലില്‍ നിന്ന്‌ പുറത്താക്കുകയുണ്ടായി.
പൊതുസ്ഥലങ്ങളില്‍ സ്‌ത്രീപുരുഷ ഇടപെടലുകള്‍ നിയന്ത്രിക്കുന്നതിന്റെ പ്രധാന ചുമതലയുള്ള മക്കയിലെ പൗരോഹിത്യ പോലീസിലെ തലവനാണ്‌ രാജാവിന്‌ പിന്തുണയുമായി എത്തിയിരിക്കുന്ന ഗാംദി എന്നതാണ്‌ രസകരമായ മറ്റൊരു വസ്‌തുത. സ്‌ത്രീപുരുഷ ഇടപെടലുകള്‍ പ്രകൃതി നിയമമാണെന്നും മുഹമ്മദ്‌ നബിയുടെ കാലത്തും അത്‌ സര്‍വ്വസാധാരണമായിരുന്നെന്നുമുള്ള ഗാംദിയുടെ പ്രസ്‌താവനകള്‍ മറ്റ്‌ പുരോഹിതരെ വെറളിപിടിപ്പിച്ചിരിക്കുകയാണ്‌. സ്‌ത്രീപുരുഷ ഇടപെടലുകള്‍ അനുവദിക്കുന്നത്‌ വേശ്യാവൃത്തിക്ക്‌ കൂട്ടുനില്‍ക്കുന്നതിന്‌ തുല്യമാണെന്നാണ്‌ അവരുടെ വാദം. ഇതിനോടെല്ലാമുള്ള പൊതുജനപ്രതികരണങ്ങള്‍ സമ്മിശ്രമാണ്‌. സൗദിയില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നു എന്ന്‌ അഭിപ്രായമുയരുമ്പോള്‍ തന്നെ രാജ്യത്തിന്റെ ആത്മാവിനെ മുറിവേല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്ന പ്രതിഷേധവുമായി യുവജനങ്ങളും മുന്നോട്ട്‌ വന്നിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ