പള്ളികളില്‍ നിന്നും പടിയിറങ്ങുന്നവര്‍



ക്രിസ്‌തീയ പള്ളികളുമായി ബന്ധപ്പെട്ട്‌ ഈ അടുത്തകാലത്ത്‌ ഉയര്‍ന്നുകേട്ട ലൈംഗികാരോപണങ്ങള്‍ നിരവധി ആശങ്കകള്‍ക്ക്‌ വഴിവെച്ചിരുന്നു. അതുപോലെ തന്നെ അമേരിക്കയില്‍ നിന്നും കേള്‍ക്കുന്ന ചില വാര്‍ത്തകളും പള്ളിയെ സംബന്ധിച്ച്‌ ശുഭകരമല്ല. ആരാധനയ്‌ക്കായി പള്ളിയില്‍ പോകുന്നവരുടെ എണ്ണം വന്‍തോതില്‍ കുറയുകയാണെന്നാണ്‌ അമേരിക്കയില്‍ നിന്നും തെളിയുന്നത്‌. 1970 കള്‍ മുതലാണ്‌ ഇത്തരം പ്രതിഭാസം അമേരിക്കയില്‍ കണ്ടുതുടങ്ങിയത്‌. പഠനങ്ങള്‍ അനുസരിച്ച്‌ വര്‍ഷത്തില്‍ 23-28 ദിവസങ്ങള്‍ മാത്രമേ അമേരിക്കക്കാരന്‍ പള്ളിയില്‍ പോകുന്നുള്ളൂ. സ്‌ത്രീകളിലാണ്‌ ഇത്‌ ഏറ്റവും കൂടുല്‍ ദൃശ്യമായിരിക്കുന്നത്‌.
ഷോഡല്‍ എന്ന സാമൂഹിക ശാസ്‌ത്രജ്ഞന്‍ 41000 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തില്‍, 1972 ല്‍ കത്തോലിക്കര്‍ പ്രൊട്ടസ്റ്റന്റുകാരേക്കാള്‍ കൂടുതല്‍ പള്ളിയില്‍ പോകുന്നവരായിരുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകളും. എന്നാല്‍ 2006 ആയപ്പോഴേയ്‌ക്കും ഈ കണക്കില്‍ അത്ഭുതകരമായ വിടവാണ്‌ ഉണ്ടായിട്ടുള്ളത്‌. 1972 ല്‍ പ്രൊട്ടസ്റ്റെന്റുകാരേക്കാള്‍ 18 ദിവസം കൂടുതല്‍ കത്തോലിക്കര്‍ പള്ളിയില്‍ പോയിരുന്നു. എന്നാല്‍ ഇന്ന്‌ അത്‌ കേവലം ആറ്‌ ദിവസമായി ചുരുങ്ങിയിരിക്കുന്നു.
ഇത്തരത്തിലൊരു മാറ്റത്തിന്‌ എന്താണ്‌ കാരണമെന്ന്‌ ഷോഡല്‍ തന്റെ പഠനത്തില്‍ വിവരിക്കുന്നില്ല. ന്യൂനപക്ഷ ജനസംഖ്യ വര്‍ദ്ധിച്ചതും സ്‌ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമായതുമാകാം കാരണമെന്നാണ്‌ വിലയിരുത്തല്‍. സ്‌ത്രീകള്‍ കൂടുതലായി തൊഴില്‍ മേഖലകളിലേക്ക്‌ കടന്നുചെന്ന കാലയളവാണ്‌ 1972-2006. വീടുകളില്‍ നിന്നും സ്‌ത്രീകളുടെ സാന്നിദ്ധ്യം കൂടുതലായി തൊഴിലിടങ്ങളിലേക്ക്‌ പറിച്ച്‌ നടപ്പെട്ടത്‌ ഒരു പ്രധാന കാരണമായി ഷോഡല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അപ്പോള്‍ പിന്നെ സ്‌ത്രീകള്‍ക്ക്‌ പള്ളിയില്‍ പോകാന്‍ എവിടെയാണ്‌ നേരം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ